കുട്ടീന്യോയെ സ്വന്തമാക്കാനുള്ള ആസ്റ്റൺ വില്ലയുടെ മോഹം തകർക്കാൻ വമ്പൻ ഓഫറുമായി ന്യൂകാസിൽ യുണൈറ്റഡ്
By Sreejith N

ലിവർപൂൾ വിട്ട് ബാഴ്‌സലോണയിൽ എത്തിയ ഫിലിപ്പെ കുട്ടീന്യോ തന്റെ ഫോം കണ്ടെത്താൻ പരാജയപ്പെട്ടുവെങ്കിലും ഈ വിന്റർ ജാലകത്തിൽ പ്രീമിയർ ലീഗിലെത്തിയ താരം ആസ്റ്റൺ വില്ലക്കൊപ്പം മികച്ച പ്രകടനമാണ് നടത്തുന്നത്. പ്രീമിയർ ലീഗിൽ തനിക്ക് വീണ്ടും തിളങ്ങാൻ കഴിയുമെന്നു തെളിയിച്ച താരത്തെ ലോണിലാണ് ആസ്റ്റൺ വില്ല ഇപ്പോൾ സ്വന്തമാക്കിയതെങ്കിലും അടുത്ത സമ്മറിൽ അത് സ്ഥിരമാക്കാൻ അവർക്കു താൽപര്യമുണ്ട്.
ലോൺ കരാറിലുള്ള ബയ് ക്ലോസ് പ്രകാരം നാൽപതു മില്യൺ യൂറോ നൽകിയാൽ ആസ്റ്റൺ വില്ലക്ക് കുട്ടീന്യോയെ സ്വന്തമാക്കാം. എന്നാൽ അത്രയും വലിയൊരു തുക മുടക്കാൻ ആസ്റ്റൺ വില്ല നേതൃത്വം തയ്യാറാകുമോ എന്ന സംശയം നിലനിൽക്കെ ബ്രസീലിയൻ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതിയ സാമ്പത്തിക ശക്തികളായ ന്യൂകാസിൽ യുണൈറ്റഡ്.
Newcastle willing to pay up to beat Villa to Coutinho https://t.co/74LFjSKDkL
— SPORT English (@Sport_EN) March 31, 2022
സ്‌പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇടനിലക്കാരിലൂടെ കുട്ടീന്യോയിൽ തങ്ങൾക്കുള്ള താൽപര്യം ന്യൂകാസിൽ അറിയിച്ചിട്ടുണ്ട്. താരത്തിന് ആസ്റ്റൺ വില്ല ഓഫർ ചെയ്യുന്നതിനേക്കാൾ മികച്ച പ്രതിഫലമാണ് ന്യൂകാസിൽ മുന്നോട്ടു വെക്കുന്നത്. അതിനു പുറമെ ബാഴ്‌സലോണക്ക് കൂടുതൽ ട്രാൻസ്‌ഫർ തുകയും ഇതിന്റെ ഭാഗമായി ലഭിക്കും.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സയെ സംബന്ധിച്ച് കുട്ടീന്യോക്ക് കൂടുതൽ തുക ലഭിക്കുന്നത് ഗുണം തന്നെയാണെങ്കിലും ആസ്റ്റൺ വില്ല പരിശീലകനായ സ്റ്റീവൻ ജെറാർഡുമായി അടുത്ത ബന്ധമുള്ള കുട്ടീന്യോ അവിടെത്തന്നെ തുടരാനാണ് സാധ്യത. എന്നാൽ നാൽപതു മില്യൺ നൽകാൻ ആസ്റ്റൺ വില്ലക്ക് കഴിഞ്ഞില്ലെങ്കിൽ അത് താരം ന്യൂകാസിൽ യുണൈറ്റഡിലെത്താനുള്ള വഴി തുറക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.