ബ്രസീലിയൻ മധ്യനിരതാരത്തെ സ്വന്തമാക്കാൻ നാൽപതു മില്യൺ വാഗ്‌ദാനം ചെയ്‌ത്‌ ന്യൂകാസിൽ യുണൈറ്റഡ്

Mexico v Brazil: Men's Football Semi-final- Olympics: Day 11
Mexico v Brazil: Men's Football Semi-final- Olympics: Day 11 / Buda Mendes/GettyImages
facebooktwitterreddit

കീറൺ ട്രിപ്പിയർ, ക്രിസ് വുഡ് എന്നിങ്ങനെ പ്രതിരോധത്തിലും മുന്നേറ്റനിരയിലും ഓരോ താരങ്ങളെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയ ന്യൂകാസിൽ യുണൈറ്റഡിന്റെ അടുത്ത ലക്‌ഷ്യം ഒരു മധ്യനിര താരം. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം ലിയോണിന്റെ ബ്രസീലിയൻ താരമായ ബ്രൂണോ ഗുയ്മെറാസിനെയാണ് ന്യൂകാസിൽ നോട്ടമിടുന്നത്.

ഈ സീസണിലെ പ്രീമിയർ ലീഗിൽ ഏതാനും മത്സരങ്ങൾ മാത്രം വിജയിച്ച ന്യൂകാസിൽ യുണൈറ്റഡ് തരം താഴ്ത്തൽ മേഖലയിൽ ആണു നിലവിൽ നിൽക്കുന്നത്. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു ശേഷം ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബായി മാറിയ അവർ ഈ സീസണിൽ തരം താഴ്ത്തൽ മേഖലയിൽ നിന്നും പുറത്തു കടന്ന് അടുത്ത സീസണിൽ കൂടുതൽ കരുത്തരായി പ്രീമിയർ ലീഗിൽ തിരിച്ചുവരവിനായി ഒരുങ്ങുകയാണ്.

എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം നാൽപതു മില്യൺ യൂറോയാണ് താരത്തെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ലിയോണിനു വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ഇതിനു പുറമെ മാസത്തിൽ രണ്ടു ലക്ഷത്തി ഇരുപതിനായിരമെന്ന നിലവിൽ താരത്തിനു ലഭിക്കുന്ന പ്രതിഫലം മൂന്നിരട്ടിയാക്കി നൽകാമെന്നും ന്യൂകാസിൽ യുണൈറ്റഡ് വാഗ്‌ദാനം ചെയ്യുന്നു.

ബ്രസീലിയൻ ക്ലബായ അത്ലറ്റികോ പരാനെന്സിൽ നിന്നും 2020ൽ ഇരുപതു മില്യൺ യൂറോ നൽകിയാണ് ലിയോൺ ബ്രൂണോയെ സ്വന്തമാക്കുന്നത്. അതിനു ശേഷം ക്ലബിനു വേണ്ടി 71 മത്സരങ്ങൾ കളിച്ച താരത്തിൽ ആഴ്‌സണൽ, യുവന്റസ് എന്നീ ക്ലബുകൾക്ക് താൽപര്യം ഉണ്ടായിരുന്നു. എന്നാൽ ന്യൂകാസിൽ യുണൈറ്റഡിന്റെ വമ്പൻ ഓഫറാണ് താരം സ്വീകരിക്കാനുള്ള സാധ്യതയുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.