50 മില്യൺ പൗണ്ട് നൽകി ബെന്‍ഫിക്ക താരത്തെ സ്വന്തമാക്കാൻ ന്യൂകാസില്‍ യുണൈറ്റഡ്

ബെന്‍ഫിക്ക യുവതാരത്തെ ടീമിലെത്തിക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി ന്യൂകാസില്‍ യുണൈറ്റഡ്. മുന്നേറ്റതാരം കല്ലം വില്‍സണ്‍ പരുക്കേറ്റ് പുറത്തായത് കാരണമാണ് പെട്ടെന്നൊരു നീക്കത്തിന് ന്യുകാസില്‍ കോപ്പുകൂട്ടുന്നത്.
വില്‍സണ്‍ പുറത്തായത് കാരണം ട്രാന്‍സ്ഫര്‍ വിന്‍ഡോ ക്ലോസ് ചെയ്യുന്നതിന് മുന്‍പായി ബെന്‍ഫിക്കയുടെ ഉറുഗ്വെയന്‍ താരമായ ഡാര്‍വിന്‍ നുനസിനെ ടീമിലെത്തിക്കാനുള്ള നീക്കമാണ് ന്യൂകാസില്‍ നടത്തുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേയുള്ള മത്സരത്തില്‍ പരുക്കേറ്റ വില്‍സണ്‍ എട്ട് ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരും.
അതിനാല്‍ ടീമില്‍ ഒരു മുന്നേറ്റ താരത്തെ എത്തിക്കുന്നത് അത്യാവശ്യമാണ്. വില്‍സണ് പകരക്കാരനായി ലിവര്‍പൂള്‍ താരം ഡിവോക് ഒറിഗി, ബേണ്‍ലി താരം ക്രിസ് വുഡ്‌സ്, ആഴ്‌സനല്‍ മുന്നേറ്റ താരം എമറിക് ഒബമയോങ് എന്നീ താരങ്ങളെ ടീമിലെത്തിക്കാനുള്ള സാധ്യതകളും ന്യൂകാസില്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ ബെന്‍ഫിക്കന്‍ മുന്നേറ്റതാരത്തെ ടീമിലെത്തിക്കുന്നതിനാണ് ന്യൂകാസില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതെന്നാണ് പോര്‍ച്ചുഗീസ് മാധ്യമമായ ഒ ജോഗോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നുനസിന് വേണ്ടി ന്യൂകാസില്‍ ആദ്യം 40 മില്യൺ പൗണ്ടായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ന്യൂകാസില്‍ 50 മില്യൺ പൗണ്ട് വരെ നല്‍കാമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. പക്ഷെ, സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡും താരത്തിന് വേണ്ടി ശക്തമായി രംഗത്തുണ്ട്. ന്യൂകാസിലിനെക്കാള്‍ വലിയ ഓഫര്‍ അത്‌ലറ്റിക്കോ നല്‍കുമോ എന്ന കാത്തിരിപ്പിലാണ് പോര്‍ച്ചുഗീസ് ബെന്‍ഫിക്ക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.