Football in Malayalam

'റൊണാൾഡോ എല്ലായ്‌പോഴും പ്രചോദനം' - പോർച്ചുഗൽ നായകനോടുള്ള ആരാധന വെളിപ്പെടുത്തി യുവന്റസിലെത്തിയ ബ്രസീലിയൻ താരം

Sreejith N
Cristiano Ronaldo
Cristiano Ronaldo / Chris Brunskill Ltd/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തി ഈ സമ്മറിൽ യുവന്റസിലെത്തിയ ബ്രസീലിയൻ താരമായ കയോ ജോർജ്. യുവന്റസിലെത്തിയതിനു ശേഷം ടീമുമായി ഇണങ്ങിച്ചേരാൻ റൊണാൾഡോ തന്നെ സഹായിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ബ്രസീലിയൻ ക്ലബായ സാന്റോസിൽ നിന്നാണ് മൂന്നു മില്യൺ യൂറോ നൽകി പത്തൊൻപതുകാരനായ താരത്തെ യുവന്റസ് സ്വന്തമാക്കിയത്.

"യുവന്റസ് എന്റെ സ്വപ്‌നമാണ്. ടീമിനോടൊപ്പം ഇണങ്ങിച്ചേരുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്റെ സഹതാരങ്ങൾ എന്നെ വളരെയധികം സഹായിക്കുന്നുണ്ട്, റൊണാൾഡോയും എനിക്ക് ഒരുപാട് നിർദ്ദേശങ്ങൾ നൽകുന്നു. റൊണാൾഡോ എല്ലായ്‌പോഴും എനിക്കു പ്രചോദനമാണ്. മികച്ചൊരു വ്യക്തി കൂടിയായ അദ്ദേഹത്തിൽ നിന്നും ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

"യുവന്റസിലെത്തിയതിനു ശേഷമുള്ള എല്ലാ കാര്യങ്ങളും എന്നെ അത്ഭുതപ്പെടുത്തി. ക്ലബിന്റെ ഘടന മുതൽ ആളുകൾ എന്നെ സ്വീകരിച്ചതു വരെയും. നല്ലൊരു സീസൺ നേടാനാണ് ഞാനിവിടെ എത്തിയിട്ടുള്ളത്. ഈ മഹത്തായ താരങ്ങളിൽ നിന്നും പരമാവധി മനസിലാക്കാനും അതാസ്വദിക്കാനും ഞാൻ ഒരുങ്ങുകയാണ്. പരമാവധി ഗോളുകൾ നേടാൻ ഞാൻ പോരാടും." ക്ലബിന്റെ ഒഫിഷ്യൽ ചാനലിനോട് കയോ ജോർജ് പറഞ്ഞു.

പിർലോ, സിദാൻ, ഡിബാല, ഹിഗ്വയ്ൻ തുടങ്ങിയ യുവന്റസ് ഇതിഹാസങ്ങൾ അണിഞ്ഞിരുന്ന ജേഴ്‌സി ആയതു കൊണ്ടാണ് താൻ ഇരുപത്തിയൊന്നാം നമ്പർ തിരഞ്ഞെടുത്തതെന്നും താരം പറഞ്ഞു. യുവന്റസിലെത്തിയതിനു ശേഷം പരിക്കു പറ്റിയ കയോ ജോർജിന് ഒരു മാസത്തോളം നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പരമാവധി വേഗത്തിൽ കളിക്കളത്തിൽ മടങ്ങി വരുമെന്നും താരം വ്യക്തമാക്കി.

എംപോളിക്കെതിരായ അടുത്ത മത്സരത്തിൽ കയോ ജോർജ് കളിക്കില്ലെന്നിരിക്കെ താരം യുവന്റസിൽ അരങ്ങേറ്റം നടത്തുമ്പോൾ റൊണാൾഡോ ടീമിലുണ്ടാകുമോയെന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. വിവിധ യൂറോപ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോ യുവന്റസ് വിടാനുള്ള സാധ്യതകളെ കുറിച്ച് സജീവമായി അന്വേഷിച്ചു കൊണ്ടിരിക്കയാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit