പിഎസ്ജി-റയൽ മാഡ്രിഡ് പോരാട്ടം അടുത്തു കൊണ്ടിരിക്കെ സെർജിയോ റാമോസിനു വീണ്ടും പരിക്ക്


ഫെബ്രുവരിയിൽ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾ തിരിച്ചു വരുമ്പോൾ ഏവരും കാത്തിരിക്കുന്ന ഒരു മത്സരമാണ് വമ്പൻ ക്ളബുകളായ പിഎസ്ജിയും റയൽ മാഡ്രിഡും തമ്മിലുള്ളത്. യൂറോപ്പിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടം എന്നതിനൊപ്പം മുൻ ബാഴ്സലോണ, റയൽ മാഡ്രിഡ് നായകരായ ലയണൽ മെസിയും സെർജിയോ റാമോസും ഒരുമിച്ച് റയൽ മാഡ്രിഡിനെതിരെ വരികയെന്ന അസാധാരണത്വവും അതിനുണ്ട്.
എന്നാൽ മത്സരത്തിനായി ഇനി പതിനേഴു ദിവസം മാത്രം ബാക്കി നിൽക്കെ സെർജിയോ റാമോസിന്റെ ഫിറ്റ്നസിനെ സംബന്ധിച്ച് പിഎസ്ജിക്ക് വലിയ ആശങ്കയാണ് വന്നിരിക്കുന്നത്. കഴിഞ്ഞ സീസണിന്റെ അവസാനം മുതൽ പരിക്കേറ്റു പുറത്തായി, അടുത്ത കാലത്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തി പിഎസ്ജിക്കായി ആദ്യഗോൾ നേടിയ താരത്തിന് കഴിഞ്ഞ ദിവസം ട്രൈനിങ്ങിനിടെ വീണ്ടും പരിക്ക് പറ്റിയിട്ടുണ്ട്.
? A new injury concern makes Sergio Ramos a doubt to face Real Madrid.
— MARCA in English (@MARCAinENGLISH) January 29, 2022
More details here ? https://t.co/qkkD3e4UrV
ലെ പാരീസിയന്റെ റിപ്പോർട്ടുകൾ പ്രകാരം മസിലിനു പരിക്കു പറ്റിയതിനെ തുടർന്ന് പിഎസ്ജിയുടെ പരിശീലനസെഷൻ താരത്തിന് നേരത്തെ അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ പരിക്കിന്റെ വിശദമായ വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല. വീണ്ടും ദീർഘകാലം റാമോസിനു പുറത്തിരിക്കേണ്ടി വന്നാൽ ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമാവുകയും താരത്തിന്റെ കരിയറിനെ കുറിച്ചു തന്നെ പുനർചിന്തനം നടത്തേണ്ടി വരികയും ചെയ്യും.
അതേസമയം ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടു കൂടി തന്നെയാണ് റാമോസ് മുന്നോട്ടു നീങ്ങുന്നത്. കഴിഞ്ഞ ദിവസം പിഎസ്ജി ടീമിൽ ഒത്തിണക്കം വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് താരം സംസാരിച്ചിരുന്നു. റാമോസിനെ പോലെ മികച്ച നേതൃഗുണമുള്ള ഒരു താരത്തിന്റെ ആവശ്യകത ഇപ്പോഴത്തെ പിഎസ്ജിക്കുണ്ടെന്നതിൽ യാതൊരു സംശയവുമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.