Football in Malayalam

ചാമ്പ്യൻസ് ലീഗ് അടിമുടി മാറും, 2024 മുതൽ നടക്കുക നിരവധി മാറ്റങ്ങളോടെ വിപുലീകരിച്ച ടൂർണമെന്റ്

Sreejith N
Paris Saint-Germain v Manchester United: Group H - UEFA Champions League
Paris Saint-Germain v Manchester United: Group H - UEFA Champions League / Xavier Laine/Getty Images
facebooktwitterreddit

വമ്പൻ ക്ലബുകൾക്ക് താല്പര്യമുള്ള ടൂർണമെന്റായ യൂറോപ്യൻ സൂപ്പർ ലീഗിന്റെ വെല്ലുവിളിയെ മറികടക്കാൻ ചാമ്പ്യൻസ് ലീഗിൽ വലിയ തോതിൽ മാറ്റങ്ങൾ വരുത്താൻ യുവേഫ ഒരുങ്ങുന്നു. നിലവിൽ 32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിനു പകരം മുപ്പത്തിയാറു ടീമുകളെ പങ്കെടുപ്പിച്ച് ടൂർണമെന്റ് വിപുലീകരിക്കാനാണ് യുവേഫ ഒരുങ്ങുന്നത്. 2024 മുതൽ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പുതിയ ഫോർമാറ്റിന്റെ വിവരങ്ങൾ സ്‌പാനിഷ്‌ മാധ്യമം മാർക്കയാണ് പുറത്തുവിട്ടത്.

നിലവിലുള്ളതു പോലെത്തന്നെ മുപ്പത്തിരണ്ട് ടീമുകളെ തിരഞ്ഞെടുത്തതിന് ശേഷം ബാക്കി നാല് ടീമുകളിൽ രണ്ടെണ്ണത്തിനെ തിരഞ്ഞെടുക്കുക യുവേഫ കോഎഫിഷ്യന്റ് റാങ്കിങ് വഴിയാണ്. യുവേഫ റാങ്കിങ്ങിൽ മികച്ച സ്ഥാനങ്ങളിൽ നിൽക്കുന്ന, എന്നാൽ ലീഗിൽ മുൻനിരയിൽ എത്താൻ പരാജയപ്പെട്ട വമ്പൻ ടീമുകളായിരിക്കും ഇത് വഴി ടൂർണമെന്റിന് യോഗ്യത നേടുക. ബാക്കിയുള്ള രണ്ടു സ്ഥാനങ്ങളിലൊന്ന് ഫ്രഞ്ച് ലീഗിലെ ഒരു ക്ലബിനും, ചാമ്പ്യൻസ് ലീഗിൽ പ്രതിനിധീകരിക്കപെടാത്ത മികച്ച ലീഗുകളിൽ ഒന്നിലെ ക്ലബിനും നൽകും.

സെപ്റ്റംബർ മുതൽ ജനുവരി വരെയാണ് ടൂർണമെന്റിന്റെ ആദ്യ ഘട്ടം നടക്കുക. ഇതിൽ ഓരോ ടീമും വ്യത്യസ്‌ത എതിരാളികൾക്കെതിരെ പത്ത് വ്യത്യസ്ത മത്സരങ്ങൾ കളിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന പോയിന്റ് ടേബിളിൽ ആദ്യ എട്ടു സ്ഥാനങ്ങളിൽ വരുന്ന ക്ലബുകൾ നേരിട്ട് പ്രീ ക്വാർട്ടർ ഘട്ടത്തിൽ ഇടം പിടിക്കും. അതിനു ശേഷം പ്രീ ക്വാർട്ടറിനു വേണ്ട എട്ടു ടീമുകളെ തിരഞ്ഞെടുക്കുക പ്ലേ ഓഫ് വഴിയാണ്. പോയിന്റ് ടേബിളിൽ ഒൻപതു മുതൽ ഇരുപത്തിനാലു വരെ സ്ഥാനങ്ങളിലുള്ള ടീമുകളാണ് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ പരസ്‌പരം മത്സരിക്കേണ്ടത്. അതിനു ശേഷമുള്ള സ്ഥാനക്കാർ ആദ്യഘട്ടം കഴിയുമ്പോൾ തന്നെ ടൂർണമെന്റിൽ നിന്നും പുറത്തായതായാണ് കണക്കാക്കുക.

മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മാറ്റമുണ്ടാകില്ല. ലീഗിന്റെ സമയക്രമത്തെ പരിഗണിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ തന്നെയാണ് പുതിയ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റും നടക്കുക. എന്നാൽ പുതിയ ഫോർമാറ്റ് പ്രകാരം നാല് വ്യാഴാഴ്ചകളിൽ കൂടി മത്സരം നടക്കും. ഓരോ ടീമിനും നിലവിൽ നിന്നുള്ള ഫോർമാറ്റിൽ നിന്നും വ്യത്യസ്തമായി കൂടുതൽ മത്സരം കളിക്കാൻ കഴിയുമെന്നതിനാൽ കൂടുതൽ വരുമാനമുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നതാണ് പുതിയ ചാമ്പ്യൻസ് ലീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ്.

facebooktwitterreddit