റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയത് മൂന്നു താരങ്ങളുടെ പ്രകടനത്തെ ബാധിച്ചുവെന്ന് ഗാരി നെവിൽ

Neville Says Ronaldo Return Impacted 3 Man Utd Players
Neville Says Ronaldo Return Impacted 3 Man Utd Players / Bryn Lennon/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത് ബ്രൂണോ ഫെർണാണ്ടസടക്കം ടീമിലെ മൂന്നു താരങ്ങളുടെ പ്രകടനത്തെ ബാധിക്കാൻ കാരണമായിട്ടുണ്ടെന്ന് ക്ലബിന്റെ ഇതിഹാസതാരം ഗാരി നെവിൽ. റൊണാൾഡോയെപ്പോലൊരു വമ്പൻ താരം ടീമിലേക്ക് വന്നത് മികച്ച പ്രകടനം നടത്തിയിരുന്ന കളിക്കാരിൽ അപകർഷതാബോധത്തിനു കാരണമായെന്നാണ് നെവിൽ പറയുന്നത്.

കഴിഞ്ഞ സീസണിൽ പതിനെട്ടു ഗോളുകളോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ബ്രൂണോ ഇത്തവണ നേടിയത് പത്തു ഗോളുകൾ മാത്രമാണ്. ബ്രൂണൊക്കു പുറമെ പ്രതിരോധതാരം ഹാരി മാഗ്വയർ, മുന്നേറ്റനിര താരം എഡിസൺ കവാനി എന്നിവരെയും റൊണാൾഡോയുടെ സാന്നിധ്യം ബാധിച്ചുവെന്നാണ് നെവിൽ പറയുന്നത്.

"സീസണിന്റെ തുടക്കത്തിൽ തന്നെ കവാനിക്ക് ഒരു പ്രശ്‌നമായി താരം മാറി. കവാനി ക്ലബിനൊപ്പം തുടരാൻ സമ്മതിച്ച് ഈ വർഷം ടീമിന്റെ ആക്രമനിരയെ നയിക്കാൻ ഇരിക്കുകയായിരുന്നു. എന്നാൽ അവർ റൊണാൾഡോയെ ടീമിൽ എത്തിച്ചതോടെ കവാനിയുടെ കഥ കഴിഞ്ഞു. അത് ഡ്രസിങ് റൂമിലെയും അന്തരീക്ഷത്തെയും ബ്രൂണോയെയും ബാധിച്ചു."

"പോർച്ചുഗൽ ടീമിൽ ഒരു ഗോഡ്‌ഫാദറിനെ പോലെ കരുതുന്ന റൊണാൾഡോ ടീമിൽ എത്തിയപ്പോൾ ബ്രൂണൊ പഴയ ആളല്ലാതായി മാറുകയും അപകർഷതാബോധം വർധിക്കുകയും ചെയ്‌തു. ഒരു നായകനെന്ന നിലയിൽ മാഗ്വയറിലും അതേ മാറ്റമുണ്ടായി. പക്ഷെ, റൊണാൾഡോ ഇതിലൊന്നും ചെയ്‌തിട്ടില്ല." സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ നെവിൽ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് നായകനെന്ന നിലയിൽ തന്റെ നില ഉറപ്പിക്കാൻ മാഗ്വയർ ശ്രമിക്കുമ്പോഴാണ് റൊണാൾഡോ ടീമിലേക്ക് വരുന്നതെന്നും അതാണ് താരത്തെ ബാധിച്ചതെന്നും നെവിൽ പറയുന്നു. മാഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്‌സി അണിയുന്ന സമയത്ത് മറ്റൊരാളായി മാറിയെന്നും ബ്രൂണോ കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന താരത്തിന്റെ പകുതി മാത്രമാണെന്നും നെവിൽ പറയുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.