Football in Malayalam

ജർമനി ദേശീയ ടീം തിരിച്ചുവരവിനായി ഇറ്റലിയുടെ മാതൃക പിന്തുടരണമെന്ന് മാനുവൽ ന്യൂയർ

Sreejith N
Germany Training And Press Conference
Germany Training And Press Conference / Alexander Hassenstein/Getty Images
facebooktwitterreddit

ഇന്റർനാഷണൽ ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്താനും കിരീടങ്ങൾ നേടുന്നതിനുമായി ജർമനി ഇറ്റാലിയൻ ദേശീയ ടീമിനെ മാതൃകയാക്കണമെന്ന് ഗോൾകീപ്പർ മാനുവൽ ന്യൂയർ. കഴിഞ്ഞ രണ്ടു പ്രധാന ടൂർണമെന്റുകളിലും മോശം പ്രകടനമാണ് ജർമനി നടത്തിയത്. 2018 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവർ പുറത്തായപ്പോൾ കഴിഞ്ഞ യൂറോ കപ്പിൽ പ്രീ ക്വാർട്ടർ വരെയേ ടീമിന് മുന്നേറാനായുള്ളൂ.

യൂറോ കപ്പ് ടൂർണമെന്റിനു പിന്നാലെ പരിശീലകനായ ജോകിം ലോ ജർമൻ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിനു പകരക്കാരനായെത്തിയ, ബയേൺ മ്യൂണിക്കിനൊപ്പം അസാമാന്യ നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകനായ ഹാൻസി ഫ്ലിക്കിനു കീഴിൽ ആദ്യത്തെ മത്സരങ്ങൾക്ക് ഇറങ്ങാനിരിക്കെയാണ് ന്യൂയർ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

"ഇറ്റലി ഒറ്റക്കെട്ടായൊരു യൂണിറ്റാണ്. അവർ എത്രത്തോളം ഉത്സാഹത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും ആശയവിനിമയം നടത്തുന്നതെന്നും മനസിലാക്കേണ്ടതാണ്. വളരെയധികം ആഹ്ലാദത്തോടെയാണ് അവർ കളിച്ചു കൊണ്ടിരിക്കുന്നത്," പത്രസമ്മേളനത്തിൽ ന്യൂയർ പറഞ്ഞു.

"ഇറ്റലി പിന്തുടരാൻ കഴിയുന്ന നല്ലൊരു മാതൃകയാണ്. അതുതന്നെ ഞങ്ങളും പിന്തുടരണം. ഞങ്ങളുടെ ടീമിനെ നോക്കുമ്പോൾ വളരെയധികം പ്രതിഭ അതിലുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ടൂർണമെന്റുകളിൽ ആ നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഞങ്ങൾക്കു വേണ്ടതെല്ലാം മൈതാനത്ത് എത്തിക്കാൻ കഴിയണം," ന്യൂയർ പറഞ്ഞു.

ജോക്കിം ലോക്ക് കീഴിൽ എട്ടു വർഷത്തോളം സഹപരിശീലകൻ ആയിരുന്ന ഹാൻസി ഫ്ലിക്ക് ബയേണിന്റെ സ്ഥാനമേറ്റെടുത്ത ആദ്യ സീസണിൽ തന്നെ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ പരിശീലകനാണ്. ഫ്ലിക്കിനു കീഴിൽ ലൈസ്റ്റൻസ്റ്റീൻ, അർമേനിയ, ഐസ്ലാൻഡ് എന്നീ ടീമുകളെയാണ് ജർമനി നേരിടാൻ തയ്യാറെടുക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit