Football in Malayalam

വിജയക്കുതിപ്പ് തുടരാൻ നെതർലൻഡ്സ്, ചെക്ക് റിപ്പബ്ലിക്കിനെതിരെ ടീമിന്റെ സാധ്യത ഇലവൻ ഇങ്ങനെ...

Jouhar KK
Netherlands players
Netherlands players / Soccrates Images/Getty Images
facebooktwitterreddit

യൂറോ 2020-ന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയാണ് നെതർലൻഡ്‌സ് പ്രീക്വാർട്ടർ മത്സരത്തിനെത്തുന്നത്. ഗ്രൂപ്പിൽ സിയിൽ നിന്ന് മൂന്ന് മത്സരങ്ങളിൽ മൂന്നും വിജയിച്ച ഡച്ചുകാർ 9 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോകൗട്ടിലേക്ക് യോഗ്യത നേടിയത്.

പ്രീക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക്കിനെ നേരിടുന്ന ഫ്രാങ്ക് ഡി ബോറും കൂട്ടരും 8 ഗോളുകളോടെ യൂറോ 2020ന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമെന്ന ഖ്യാതിയുമായാണ് എത്തുന്നത്. അവസാന 2 മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടി എന്നതും ഡച്ച്പടക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.

ചെക്ക് റിപ്പബ്ലിക്കിന് എതിരെയുള്ള മത്സരത്തിൽ നെതർലൻഡ്‌സിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്:

1. ഗോൾകീപ്പർ & പ്രതിരോധതാരങ്ങളും

Maarten Stekelenburg
മാർട്ടെൻ സ്റ്റെക്ലൻബർഗ് / BSR Agency/Getty Images

മാർട്ടെൻ സ്റ്റെക്ലൻബർഗ് (ഗോൾകീപ്പർ) - യൂറോ 2020ൽ നെതർലൻഡ്‌സിന്റെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയ സ്റ്റെക്ലൻബർഗ് ക്ലബ്ബ് ലെവലിൽ സ്ഥിരമായി അവസരം ലഭിക്കാത്ത താരമാണ്. എന്നിട്ടും ദേശീയ ടീമിൽ മികച്ച പ്രകടനമാണ് ഈ 38 കാരൻ കാഴ്ച വെക്കുന്നത്.

സ്റ്റീഫൻ ഡി റിജ് (സെന്റർ ബാക്ക്) - തന്റെ പ്രതിരോധ പങ്കാളി മത്തിയാസ് ഡി ലൈറ്റ് പരിക്ക് മാറി തിരിച്ചെത്തിയത്തിന് ശേഷം ആത്മവിശ്വാസം ഏറിയ പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്.

മത്തിയാസ് ഡി ലൈറ്റ് (സെന്റർ ബാക്ക്) - ഗ്രൂപ്പ് ഘട്ടത്തിലെ ഹോളണ്ടിന്റെ ആദ്യ മത്സരത്തിൽ ഇറങ്ങാൻ കഴിയാതിരുന്ന താരത്തിന്റെ അഭാവം ആ മത്സരത്തിൽ നിഴലിച്ചു കണ്ടിരുന്നു. 2020 യൂറോയിൽ ഡി ലൈറ്റ് ടീമിലേക്ക് തിരിച്ചെത്തിയത്തിന് ശേഷം ഒരു ഗോൾ പോലും ടീം ഇതു വരെ വഴങ്ങിയിട്ടില്ല.

ഡെയ്‌ലി ബ്ലൈൻഡ് (സെന്റർ ബാക്ക്) - നോർത്ത് മാസിഡോണിയക്കെതിരെ 90 മിനിറ്റും കളിച്ച താരത്തിന്റെ സാന്നിദ്ധ്യം പ്രതിരോധനിരയുടെ ഇടത്തുവശത്ത് ബാലൻസ് കൊണ്ട് വരാൻ ടീമിനെ ഏറെ സഹായിക്കുന്നുണ്ട്.

2. വിംഗ് ബാക്കുകളും & മധ്യനിരതാരങ്ങളും

Denzel Dumfries
ഡെൻസെൽ ഡെംഫ്രയ്സ് / Soccrates Images/Getty Images

ഡെൻസെൽ ഡെംഫ്രെയ്സ് (റൈറ്റ് വിംഗ് ബാക്ക്) - ടൂർണമെന്റിലെ ഇതുവരെയുളള മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെച്ച താരങ്ങളിൽ ഒരാൾ. വലതു പാർശ്വത്തിലൂടെയുള്ള താരത്തിൻറെ ഓട്ടവും ഊർജ്ജവും ടീമിന് വലിയ മുതൽക്കൂട്ടാണ്. ചെക്ക് റിപ്പബ്ലിക്കിനെതിരെ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാകും അദ്ദേഹമെന്ന് നിസ്സംശയം പറയാം.

മാർട്ടിൻ ഡി റൂൻ (സെൻട്രൽ മിഡ്ഫീൽഡർ) - നോർത്ത് മാസിഡോണിയക്കെതിരെ കളിക്കാതിരുന്ന താരം റൗണ്ട്-ഓഫ്-16 മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം പിടിക്കുമെന്നാണ് കരുതുന്നത്. മധ്യനിരയിലെ താരത്തിന്റെ സാന്നിധ്യം സഹതാരങ്ങൾക്ക് കൂടുതൽ സ്വന്തത്രത്തോടെ നീക്കങ്ങൾ നടത്താൻ സഹായകമാകും.

ജോർജീനിയോ വൈനാൾഡം (സെൻട്രൽ മിഡ്ഫീൽഡർ) - ടൂർണമെന്റിൽ ഇത് വരെ മൂന്ന് ഗോളുകൾ നേടിയിട്ടുള്ള താരം ടീമിലെ ഏറ്റവും സുപ്രധാനതാരങ്ങളിൽ ഒരാളാണ്.

ഫ്രങ്കി ഡി യോങ് (സെൻട്രൽ മിഡ്ഫീൽഡർ) - താരം ടൂർണമെന്റിൽ ഇതുവരെയും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. പക്ഷെ, കരുത്തുറ്റ എതിരാളികൾക്കെതിരെ മികച്ച പ്രകടനം എടുക്കാറുള്ള ഡി യോങ് ഇനിയുള്ള സുപ്രധാന മത്സരങ്ങളിൽ കൂടുതൽ മികവ് പുറത്തെടുക്കുമെന്നാണ് ആരാധക പ്രതീക്ഷ.

പാട്രിക് വാൻ ആൻഹോട്ട് (ലെഫ്റ്റ് വിംഗ് ബാക്ക്) - ചെക്ക് റിപ്പബ്ലിക്കിന്റെ വ്ലാഡിമിർ കൂഫാലിനെതിരെ ആൻഹോട്ടിനെ ആദ്യ ഇലവനിൽ ഇറക്കാനാണ് സാധ്യത.

3. മുന്നേറ്റനിരതാരങ്ങൾ

Memphis Depay
ടൂര്ണമെന്റിലിതു വരെ രണ്ട് ഗോളുകളാണ് താരം നേടിയിട്ടുള്ളത്. / Soccrates Images/Getty Images

മെംഫിസ് ഡിപേ (സ്‌ട്രൈക്കർ) - അവസാന രണ്ട് കളികളിൽ ഓരോ ഗോൾ വീതം നേടിയ താരം മികച്ച ഫോമിലാണെങ്കിലും, ഫിനിഷിംഗ് പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. എന്നാലും ഇനിയുള്ള മത്സരങ്ങളിൽ ജയം നേടാൻ ഈ ബാഴ്സലോണ താരത്തിന്റെ ഗോളുകളെ ടീമിന് ആശ്രയിക്കേണ്ടിവന്നേക്കും.

വൗട്ട് വെഗോസ്റ്റ് (സ്‌ട്രൈക്കർ) - നോർത്ത് മാസിഡോണിയക്കെതിരെയുള്ള മത്സരത്തിൽ പകരക്കാരൻ ആയിരുന്നെങ്കിലും അതിന് മുമ്പുള്ള രണ്ട് മത്സരത്തിലും ഡിപേക്ക് ഒപ്പം മികച്ച കോമ്പിനേഷനാണ് താരം കാണിച്ചത്. ഫോമിലാണെങ്കിൽ ഡച്ച് ടീമിന് ഒരു മുതൽക്കൂട്ടായിരിക്കും താരം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit