Football in Malayalam

7 വർഷത്തിന് ശേഷം വീണ്ടുമൊരു മേജർ ടൂർണമെന്റിൽ കളിക്കാനെത്തുമ്പോൾ ഉയർത്തെഴുനേൽപ്പ് ലക്ഷ്യമിട്ട് നെതർലാൻഡ്‌സ്

Jouhar KK
Netherlands team
Netherlands team / BSR Agency/Getty Images
facebooktwitterreddit

2014 ലോകകപ്പിന് ശേഷം നെതർലൻഡ്സ് കളിക്കുന്ന ആദ്യ മേജർ ടൂർണമെന്റ് ആകും യൂറോ 2020. 2016ലെ യൂറോ കപ്പിനും, 2018ലെ ലോകകപ്പിനും യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ഡച്ച് പട ഒരു ഉയിർത്തെഴുന്നേൽപ്പാവും ഇത്തവണ ലക്ഷ്യമിടുക.

യൂറോ കിരീടം സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്ന ടീമല്ലെങ്കിലും, ഏറ്റവുമവസാനം വരെ പോകാനും, കിരീടമുയർത്താനും കഴിവുള്ള ശക്തമായ സ്‌ക്വാഡുമായാണ് നെതർലൻഡ്‌ യൂറോപ്യൻ മാമാങ്കത്തിന് വരുന്നത്.

കരുത്ത്

നെതർലാൻഡിന്റെ പ്രധാന കരുത്ത് മിഡ്ഫീൽഡിലാണ്. ഡി ബോയർ യൂറോക്ക് വേണ്ടി കരുത്തരായ 6 സെൻട്രൽ മിഡ്ഫീൽഡേർസിനെയാണ് ടീമിലേക്ക് തിരഞ്ഞെടുത്തത്. സൂപ്പർ താരം ഫ്രാങ്കി ഡി യോങ്, ജോർജീനിയോ വൈനാൾഡം, മാർട്ടിൻ ഡി റൂൻ എന്നിവരെല്ലാം ചേരുന്നതാണ് ടീമിന്റെ മധ്യനിര. ഡിഫൻസിൽ യുവന്റസ് സൂപ്പർ താരം ഡി ലൈറ്റും കരുത്തുറ്റ താരമാണ്. മുന്നേറ്റത്തിൽ മെംഫിസ്‌ ഡിപേയോടൊപ്പം വൗട്ട് വെഗോസ്റ്റ്, ഡോനിയൽ മെലൻ എന്നിവരും കൂടിച്ചേരുമ്പോൾ ആക്രമണവും കനക്കും.

ദൗർബല്യം

അവസാനം പരിശീലിപ്പിച്ച മൂന്ന് ടീമുകളിലും അത്ര മികച്ച റെക്കോർഡില്ലാത്ത ഡി ബോയറാണ് ടീമിന്റെ പരിശീലകസ്ഥാനത്ത് എന്നത് നെതർലാൻഡ്‌സിന്റെ ഒരു ദൗർബല്യമാണ്. ഇന്ററിലും, ക്രിസ്റ്റൽ പാലസിലും, അറ്റ്ലാന്റ യൂനൈറ്റഡിലുമെല്ലാം പരാജയമായിരുന്ന ഡി ബോയറിന് കീഴിൽ പ്രതീക്ഷിച്ച ഫോമിലേക്കുയരാൻ ഹോളണ്ടിന് ഇനിയും കഴിഞ്ഞിട്ടില്ല. ടീമിന്റെ അവസാന 15 മത്സരങ്ങളിൽ 7 മത്സരങ്ങളിൽ മാത്രമാണ് ടീമിന് ജയിക്കാൻ കഴിഞ്ഞത്. ഗോൾകീപ്പിംഗിലും ഡച്ച് ടീമിന് തലവേദനയുണ്ട്. കൊവിഡ് പോസിറ്റീവ് ആയതിനാൽ ടീമിന്റെ ഒന്നാംനമ്പർ ഗോൾകീപ്പർ ജാസ്പർ സില്ലിസണെ ടീം സ്ക്വാഡിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പകരം 2016-17 സീസൺ മുതൽ ക്ലബ്ബ് ലെവലിൽ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ ആയി സ്ഥാനം കിട്ടാത്ത 38-കാരനായ മാർട്ടിൻ സ്റ്റെക്ലൻ ബർഗാണ് ഗോൾവല കാക്കുന്നത്.

പ്രധാന താരങ്ങൾ:

മത്തിയാസ് ഡി ലൈറ്റ്, ഫ്രാങ്ക് ഡി യോങ്, മെംഫിസ്‌ ഡിപേ, ജോർജീനിയോ വൈനാൾഡം.

നെതർലാന്റ് ടീം സ്ക്വാഡ്

ഗോൾകീപ്പർമാർ: മാർട്ടിൻ സ്റ്റെക്ലൻബെർഗ്, ടിം ക്രൂൽ, മാർക്കോ ബിസോട്.

പ്രതിരോധനിര താരങ്ങൾ: മത്തിയാസ് ഡി ലൈറ്റ്, ഡാലെ ബ്ലിൻഡ്, സ്റ്റീഫൻ ഡി റിജ്, ജോയൽ വെൽമാൻ, നഥാൻ ആകെ, ഡെൻസൽ ഡെംഫ്രിസ്, പാട്രിക് വാൻ ആൻഹോട്ട്, ഓവൻ വിൻഡാൽ, ജൂറിയൻ ടിംബർ.

മധ്യനിര താരങ്ങൾ: ജോർജീനിയോ വൈനാൾഡം, ഫ്രാങ്കി ഡി യോങ്, ഡാവി ക്ലാസൻ, മാർട്ടിൻ ഡി റൂൻ, റയാൻ ഗ്രാവൻബിഷ്, ടൂൻ കോപ്മെയ്നർ.

മുന്നേറ്റനിര താരങ്ങൾ: മെംഫിസ് ഡിപേ, ക്വിൻസി പ്രോംസ്, ലൂക്ക് ഡി യോങ്, സ്റ്റീവൻ ബെർഗിസ്, ഡോനിയൽ മലെൻ, വൗട്ട് വെഗോസ്റ്റ്, കോഡി ഗാപ്കോ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit