ഫ്രീ ട്രാൻസ്ഫറിൽ ചെന്നൈയിൻ എഫ്‌സിയിലേക്ക് ചേക്കേറി നെരിജസ് വാൾസ്കിസ്

ജംഷ്ഡ്പുര്‍ എഫ്.സിയുടെ ലിത്വാനിയന്‍ താരം നെരിജസ് വാൾസ്‌കിസ് ക്ലബ് വിട്ട് ചെന്നൈയിന്‍ എഫ്.സിയിലെത്തി. ജംഷഡ്പുര്‍ എഫ്.സിയുമായുള്ള കരാർ അവസാനിച്ച താരം ഫ്രീ ട്രാൻസ്ഫറിലാണ് ചെന്നൈയിനിൽ എത്തുന്നത്. 2019-20 സീസണില്‍ ചെന്നൈയിന്‍ എഫ്.സിക്കായി കളിച്ച താരമാണ് വാൾസ്‌കിസ്. താരത്തെ ടീമിലെത്തിച്ച കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സീസണില്‍ ആറു മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകള്‍ ജംഷഡ്പുര്‍ എഫ്.സിക്ക് വേണ്ടി സ്വന്താമാക്കിയിട്ടുണ്ടെങ്കിലും, റെഡ് മൈനേഴ്‌സിന്റെ ആദ്യ ഇലവനില്‍ താരത്തിന് അവസരം കുറവായിരുന്നു. അവസാനമായി ജംഷഡ്പുര്‍ കളിച്ച മൂന്ന് മത്സരങ്ങളിലും താരം ടീമിന് പുറത്തായിരുന്നു.
2019-20 സീസണില്‍ ചെന്നൈയിന്‍ എഫ്.സിക്കൊപ്പം ഗോള്‍ഡന്‍ ബൂട്ട് നേടിയ താരമാണ് വാൾസ്‌കിസ്. ഇസ്രയേല്‍ ക്ലബായ യഹൂദ, തായ് ക്ലബായ റചാബുരി ക്ലബുകള്‍ക്ക് വേണ്ടി കളിച്ച വാൾസ്‌കിസ് 2019-20 സീസണില്‍ ചെന്നൈയിന് വേണ്ടി 15 ഗോളുകളും ആറു അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ടീം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ചെന്നൈയിന്‍ എഫ്.സി മുന്നേറ്റതാരമായ വാൾസ്‌കിസിനെ ടീമിലെത്തിച്ചിട്ടുള്ളത്.
അതേ സമയം, ചെന്നൈയിന്റെ അടുത്ത മത്സരം ജംഷഡ്പൂർ എഫ്‌സിക്ക് എതിരെ ആയതിനാൽ, തന്റെ പഴയ ക്ലബിനെതിരെ മത്സരിച്ച് ചെന്നൈയിനൊപ്പമുള്ള തന്റെ രണ്ടാം അധ്യായം താരം തുടങ്ങാനുള്ള സാധ്യതയുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.