റയല്‍ മാഡ്രിഡ് ജീവനക്കാരനെ കൊല്ലുമെന്ന് നാസര്‍ അല്‍ ഖലൈഫി ആക്രോശിച്ചതായി റിപ്പോര്‍ട്ട്

ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡും പി.എസ്.ജിയും തമ്മിലുള്ള മത്സരത്തിന് ശേഷം പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി റയല്‍ മാഡ്രിഡ് ജീവനക്കാരനെ കൊല്ലുമെന്ന് ആക്രോശിച്ചതായി റിപ്പോര്‍ട്ട്. മത്സരത്തില്‍ പി.എസ്.ജിയുടെ തോല്‍വിക്ക് ശേഷം രോശാകുലനായി റഫറിമാരുടെ ഡ്രസിങ് റൂമിലെത്തിയ ഖലൈഫി അവിടെ അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഖലൈഫിയുടെ നീക്കങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്ന റയല്‍ മാഡ്രിഡ് ജീവനക്കാരനെ അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നാണ് റിപോർട്ടുകൾ പറയുന്നത്. ഒരു റയല്‍ മാഡ്രിഡ് ജീവനക്കാരന് മൊബൈല്‍ ഫോണില്‍ എല്ലാം റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇത് ശ്രദ്ധിച്ച ഖലൈഫി, "ഞാന്‍ നിന്നെ കൊല്ലാന്‍ പോവുകയാണെന്ന്" ആക്രോശിക്കുകയും മൊബൈല്‍ ഫോണില്‍ അടിക്കുകയും ചെയ്തതായി ദിയാരിയോ എ.എസ് റിപ്പോര്‍ട്ട് ചെയ്തതായി ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
പി.എസ്.ജിയുടെ തോല്‍വിയില്‍ രോശാകുലനായ ഖലൈഫി റഫറിമാരോട് കയര്‍ത്തതായും റഫറിമാരുടെ ഡ്രസിങ് റൂമിലെ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തതായും മാര്‍ക്ക ഉള്‍പ്പെടെുള്ള വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം റഫറിമാരോടും റയല്‍ മാഡ്രിഡിനോടും ക്ഷമാപനം നടത്താന്‍ ഒരു പ്രോട്ടോക്കോള്‍ ജീവനക്കാരനെ പി.എസ്.ജി അയച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
മത്സരത്തില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു പി.എസ്.ജിയുടെ തോല്‍വി. റയല്‍ മാഡ്രിഡ് താരം കരീം ബെന്‍സേമ നേടിയ ആദ്യ ഗോള്‍ പി.എസ്.ജി ഗോള്‍കീപ്പര്‍ ഡോണരുമ്മയെ ഫൗള്‍ ചെയ്തായിരുന്നു നേടിയതെന്നാണ് പി.എസ്.ജിയുടെ വാദം. ഇതാണ് ഖലൈഫി രോഷാകുലനാകാൻ കാരണം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.