അഴിമതി ആരോപണത്തില്‍ നിന്ന് നാസര്‍ അല്‍ ഖലൈഫിയെ കുറ്റവിമുക്തനാക്കി

പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫിയെ അഴിമതി ആരോപണത്തില്‍ നിന്ന് കുറ്റവിമുക്തനാക്കി. മുന്‍ ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെവിനെ അധികാരം ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിച്ചെന്നതാണ് കേസ്. ഈ സംഭവത്തില്‍ നിന്ന് ഖലൈഫിയെ നേരത്തെ 2020 ഒക്‌ബോറില്‍ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ സ്വിസ് പ്രോസിക്ക്യൂട്ടര്‍മാര്‍ അപ്പീല്‍ നല്‍കിയതിനെ തുര്‍ന്ന് വീണ്ടും കേസ് കോടതിലെത്തുകയായിരുന്നു.
ഖലൈഫി ചെയർമാനായ ബീയിൻ മീഡിയ ഗ്രൂപ്പിന് ടി.വി അവകാശങ്ങള്‍ നൽകിയതിന് പകരമായി ഇറ്റലിയിലുണ്ടായിരുന്ന ഖലൈഫിയുടെ വില്ലയില്‍ വാല്‍ക്കെ വാടക നല്‍കാതെ താമസിച്ചുവെന്ന ആരോപണമാണുയർന്നത്.
എന്നാല്‍ ആരോപണം തികച്ചും തെറ്റായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തിയ ഖലൈഫിക്ക് അനൂകൂലമായിട്ടാണ് രണ്ടാം തവണയും വിധി വന്നത്. വെള്ളിയാഴ്ചയായിരുന്നു ഖലൈഫി തെറ്റ് ചെയ്തിട്ടില്ലെന്ന വിധി പുറത്തുവന്നത്.
വാല്‍ക്കെയെ ഈ കുറ്റത്തില്‍ നിന്ന് മുക്തനാക്കിയെങ്കിലും, മറ്റൊരു കേസിൽ കൈക്കൂലി വാങ്ങിയതിനും വ്യാജരേഖ ചമച്ചതിനും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2015ല്‍ ഫിഫ ബോഡിയുടെ ധാര്‍മികത ലംഘിച്ചു എന്ന കാരണത്തിന് അദ്ദേഹത്തെ ഫുട്‌ബോളില്‍ നിന്ന് 10 വർഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹം ആ വിലക്ക് നേരിടുന്നുണ്ട്.