പിഎസ്‌ജിയുടെ അടുത്ത പരിശീലകനായി സിനദിൻ സിദാൻ എത്തില്ലെന്ന് സ്ഥിരീകരിച്ച് നാസർ അൽ-ഖലൈഫി

പിഎസ്‌ജിയുടെ അടുത്ത പരിശീലകനായി സിനദിൻ സിദാൻ എത്തില്ലെന്ന് സ്ഥിരീകരിച്ച് ഫ്രഞ്ച് ക്ലബിന്റെ പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി. ലെ പാരിസിയന് നല്‍കിയ അഭിമുഖത്തിലാണ് ഖലൈഫി സിദാന്‍ പി.എസ്.ജിയുടെ പരിശീലകനാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞത്.
ക്ലബിന്റെ പുതിയ പരിശീലകനായി നിലവിലെ നീസ് പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറെ നിയമിക്കാനൊരുങ്ങുകയാണ് പിഎസ്‌ജി. ഇക്കാര്യത്തിൽ നീസുമായി തങ്ങൾ ചർച്ച നടത്തുകയാണെന്നും ഖലൈഫി സ്ഥിരീകരിച്ചു.
"സിനദിന്‍ സിദാനോ? ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയാം: ഞങ്ങള്‍ അദ്ദേഹത്തോട് നേരിട്ടോ അല്ലാതെയോ സംസാരിച്ചിട്ടില്ല. പല ക്ലബുകള്‍ക്കും അദ്ദേഹത്തോട് താല്‍പര്യമുണ്ട്, ദേശീയ ടീമുകള്‍ക്കും, പക്ഷെ ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല," ഖലൈഫി വ്യക്തമാക്കി.
"സിദാൻ അല്ലാത്ത മറ്റൊരു ഓപ്‌ഷൻ ഞങ്ങൾ തിരഞ്ഞെടുത്തു. ഞങ്ങൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നതിന് പറ്റിയ ഏറ്റവും മികച്ച ഒരു പരിശീലകനെയാണ് ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്," ഖലൈഫി വ്യക്തമാക്കി.
"സിദാന്‍ ഇല്ലാത്തതും ഗാള്‍ട്ടിയറിന്റെ വരവും കാരണം ആരാധകര്‍ നിരാശരാണോ? സ്വപ്‌നം ഒന്നും, യാഥാര്‍ത്യം മറ്റൊന്നുമാണ്. വലിയ സ്വപ്‌നം കാണുന്നത് നല്ലതാണ്. എന്നാല്‍ ഇന്ന് എല്ലാറ്റിലുമുപരി നമ്മള്‍ യാഥാര്‍ഥ്യ ബോധമുള്ളവരായിരിക്കണം. നമുക്ക് ഇനി മിന്നുന്നത് ആവശ്യമില്ല. ഇത് തിളക്കത്തിന്റെ അവസാനമാണ്. ഞങ്ങള്‍ക്ക് യാഥാര്‍ഥ്യം വേണം," ഖലൈഫി കൂട്ടിച്ചേർത്തു.
ഗാൾട്ടിയറെ ടീമിലെത്തിക്കാൻ വേണ്ടി, അദ്ദേഹത്തിന്റെ നിലവിലെ ക്ളബായാ നീസുമായി തങ്ങൾ ചർച്ച നടത്തുകയാണെന്നും പിഎസ്‌ജി പ്രസിഡന്റ് വ്യക്തമാക്കി. "ഞങ്ങള്‍ നീസുമായി ചര്‍ച്ച നടത്തുകയാണ്. ഇത് രഹസ്യമല്ല. ഞങ്ങള്‍ക്ക് ഉടന്‍ കരാറിലെത്താനാകുമെന്നാണ് പ്രതീക്ഷ," അദ്ദേഹം പറഞ്ഞു.