വരാനിരിക്കുന്നത് ലയണൽ മെസ്സിയുടെ ഏറ്റവും മികച്ച സീസണെന്ന് പിഎസ്‌ജി പ്രസിഡന്റ്
By Vaisakh. M

2022-23 സീസണിൽ പിഎസ്‌ജി സൂപ്പർ താരം ലയണൽ മെസിയുടെ ഏറ്റവും മികച്ച പതിപ്പ് ആരാധകർക്ക് കാണാൻ കഴിയുമെന്ന് ക്ലബ് പ്രസിഡന്റ് നാസർ അൽ-ഖലൈഫി. ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയനു നൽകിയ അഭിമുഖത്തിലാണ് വരാനിരിക്കുന്ന സീസണിൽ തന്റെ ഏറ്റവും മികച്ച നിലയിലേക്ക് മടങ്ങാൻ മെസിക്ക് സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടത്.
"ലയണൽ മെസ്സി ഏഴ് തവണ ബാലൺ ഡി ഓർ നേടിയിട്ടുണ്ട് എന്നതിൽ സംശയമില്ല. ഇത് (കഴിഞ്ഞ സീസൺ) അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സീസണായിരുന്നില്ല. എന്നാൽ ബാഴ്സലോണയിലെ ഇരുപതിൽ പരം വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഒരു പുതിയ രാജ്യം, ഒരു പുതിയ നഗരം, ഒരു പുതിയ സംസ്കാരം, ഒരു പുതിയ ലീഗ്, ഒരു പുതിയ ടീം എന്നിവ കണ്ടെത്തി. അതുപോലെതന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനും. കൂടാതെ അദ്ദേഹത്തിന് കൊറോണ വൈറസ് ബാധിക്കുകയും ചെയ്തു," നാസർ അൽ-ഖലൈഫി പറഞ്ഞു.
"കഴിഞ്ഞ സീസൺ മെസിക്ക് അത്ര എളുപ്പമായിരുന്നില്ല.എന്നാൽ അടുത്ത സീസണിൽ മെസിയുടെ എക്കാലത്തെയും മികച്ച പതിപ്പ് ഞങ്ങൾ കാണും. ലയണൽ മെസി കഴിഞ്ഞ സീസണിൽ പിഎസ്ജിക്കായി ഗോളുകൾ നേടാൻ പാടുപെട്ടെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയിൽ മികച്ചതായി കാണപ്പെട്ടു," അൽ-ഖലൈഫി കൂട്ടിച്ചേർത്തു.
കഴിഞ്ഞ സമ്മറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസി ലീഗിൽ ആകെ നേടിയത് ആറ് ഗോളുകൾ മാത്രമാണ്. 2005-06 സീസണിന് ശേഷം ലീഗ് മത്സരങ്ങളിലെ അദ്ദേഹത്തിന്റെ ഏറ്റവും മോശം ഗോൾ സ്കോറിംഗ് ഫോമാണ് ഇക്കഴിഞ്ഞുപോയത്. എന്നിരുന്നാലും പിഎസ്‌ജിക്കു വേണ്ടി നിരവധി ഗോളവസരങ്ങൾ സൃഷ്ടിക്കാൻ മെസി സഹായിക്കുകയും ലീഗിൽ 14 അസിസ്റ്റുകൾ നേടുകയും ചെയ്തിരുന്നത് അടുത്ത സീസണിലേക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.