ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ മറ്റൊരു സീരി എ ക്ലബ് കൂടി രംഗത്ത്


മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് റിപ്പോർട്ടുകളുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ നാപ്പോളി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ. മുന്നേറ്റനിര താരങ്ങളായ ലോറെൻസോ ഇൻസിനെ, ഡ്രൈസ് മെർട്ടൻസ് എന്നിവർ ക്ലബ് വിടുന്നതിനു പകരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ടീമിന്റെ ഭാഗമാക്കാനാണ് നാപ്പോളി ഒരുങ്ങുന്നതെന്ന് ദി അത്ലറ്റിക് റിപ്പോർട്ടു ചെയ്യുന്നു.
കഴിഞ്ഞ ദിവസം ടൈംസ് റിപ്പോർട്ട് ചെയ്തതു പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ആഗ്രഹം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തനിക്കായി മികച്ച ഓഫറുകൾ വരികയാണെങ്കിൽ അത് പരിഗണിച്ച് ക്ലബ് വിടാൻ അനുവദിക്കണം എന്നാണു റൊണാൾഡോ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് നിരവധി യൂറോപ്യൻ ക്ലബുകൾ താരത്തിൽ നോട്ടമിട്ടിട്ടുണ്ട്.
🚨 Cristiano Ronaldo has told Man Utd he wants to leave this summer, as @DuncanCastles reports. 37yo said to love club but wants to play CL + fight for top honours in final stage of career - doesn’t feel likely at #MUFC. Napoli among suitors @TheAthleticUK https://t.co/rFxa8i1pRO
— David Ornstein (@David_Ornstein) July 2, 2022
ഇറ്റാലിയൻ ക്ലബായ റോമക്ക് റൊണാൾഡോയെ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന റിപ്പോർട്ടുകളുടെ ഇടയിലാണ് താരത്തിനായി നാപ്പോളിയും രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനക്കാരായി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ നാപ്പോളിയിലേക്ക് ചേക്കേറുന്ന കാര്യം റൊണാൾഡോ പരിഗണിക്കാൻ സാധ്യതയുണ്ട്.
നാപ്പോളി സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നതിനാൽ റൊണാൾഡോയുടെ വേതനവും മറ്റും അവർക്ക് ഉൾക്കൊള്ളാൻ കഴിയുമോയെന്നത് ചോദ്യചിഹ്നമാണ്. എന്നാൽ ഇറ്റലിയിൽ സ്വയം ജേഴ്സി അച്ചടിച്ച് വിൽക്കുന്ന ഒരേയൊരു ക്ലബാണ് നാപ്പോളി എന്നിരിക്കെ റൊണാൾഡോയുടെ ജേഴ്സി വിൽപ്പനയുടെ ലഭിക്കുന്ന മുഴുവൻ ലാഭവും അവർക്കു വന്നു ചേരുമെന്നത് പ്രധാനപ്പെട്ട കാര്യമാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആവശ്യപ്പെട്ടതിനാൽ താരം ഇനിയേതു ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. അതേസമയം പുതിയ സൈനിംഗുകൾ നടത്താൻ ബുദ്ധിമുട്ടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് റൊണാൾഡോയെ വിട്ടുകൊടുക്കാൻ താൽപര്യമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.