"ഫോൺ വിളിക്കുമ്പോൾ സംസാരിക്കാൻ റൊണാൾഡോ തയ്യാറാകുന്നില്ല"- ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നാനി


ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം അടുത്ത സീസണിലും തുടരുമോ, ഇല്ലയോ എന്ന ചോദ്യം ഫുട്ബോൾ ലോകത്ത് ശക്തമായി ഉയർന്നു കൊണ്ടിരിക്കെ താരത്തിന്റെ അടുത്ത സുഹൃത്തുക്കൾക്കു പോലും ഇതു സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നു വ്യക്തമാക്കി പോർച്ചുഗീസ് സഹതാരം നാനി. റൊണാൾഡോയെ ഫോണിൽ വിളിക്കുമ്പോൾ താരം സംസാരിക്കാൻ പോലും പോലും തയ്യാറാകുന്നില്ലെന്നാണ് നാനി പറയുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയാതെ വന്നതോടെ ക്ലബ് വിടാനൊരുങ്ങുന്ന റൊണാൾഡോ അതിനനുവദിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടതായി നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. പ്രീ സീസൺ പരിശീലനത്തിനും ടൂറിനും താരം ടീമിനൊപ്പം ചേരുകയും ചെയ്തിട്ടില്ല. താനുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ഉയരുന്ന പശ്ചാത്തലത്തിലും അതേക്കുറിച്ച് യാതൊരു പ്രതികരണവും താരം നടത്തിയിട്ടുമില്ല.
Nani has tried to reach out to Ronaldo and hopes he stays at #mufc https://t.co/ru6HQGnQik
— Samuel Luckhurst (@samuelluckhurst) July 18, 2022
"അവധിദിവസങ്ങളിൽ ആയിരിക്കുമ്പോൾ താരം ഒരാളോടും ഫോണിൽ സംസാരിച്ചിട്ടില്ല. ഞാൻ സംസാരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ 'തിരക്കിലാണ്, പിന്നീട് നമുക്ക് സംസാരിക്കാം' എന്നാണു താരം പറഞ്ഞത്." റൊണാൾഡോയുടെ അടുത്ത സീസണിലെ പദ്ധതികളെക്കുറിച്ച് താരത്തോട് സംസാരിച്ചോയെന്ന ചോദ്യത്തിന് ദി മിററിനോട് സംസാരിക്കേ നാനി മറുപടി നൽകി.
അതേസമയം റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരണമെന്നാണ് റെഡ് ഡെവിൾസിന്റെ മുൻ താരം കൂടിയായ നാനിയുടെ അഭിപ്രായം. "റൊണാൾഡോ വളരെ പ്രധാനപ്പെട്ട താരമാണ്, വ്യത്യസ്തത സൃഷ്ടിക്കാൻ കഴിയുന്ന താരം കൂടിയാണ്. ക്ലബ്ബിനെ സഹായിക്കാനുള്ള തോന്നൽ താരത്തിന് ഉണ്ടാകുമെന്നു ഞാൻ കരുതുന്നു, അതുകൊണ്ടു തന്നെ താരം തുടരുമെന്നും." നാനി വ്യക്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി ചുമതല ഏറ്റെടുത്ത എറിക് ടെൻ ഹാഗിനെക്കുറിച്ചും നാനിക്ക് മികച്ച അഭിപ്രായമാണുള്ളത്. വളരെ മികച്ച മാനേജരായ അദ്ദേഹത്തിന് ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ കഴിയുമെന്നു പറഞ്ഞ നാനി ടെൻ ഹാഗിന് എല്ലാവിധ ആശംസയും നേരുകയും ചെയ്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.