ഫുട്ബോളിൽ വിപ്ലവമാറ്റങ്ങൾ സംഭവിക്കണം, നിർദ്ദേശങ്ങളുമായി ബയേൺ മ്യൂണിക്ക് പരിശീലകൻ


സമകാലീന ഫുട്ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യതയാണെന്ന അഭിപ്രായവുമായി ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നെഗൽസ്മാൻ. തന്റെ മുപ്പത്തിനാലാം വയസിൽ തന്നെ ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്ത നെഗൽസ്മാൻ സാമ്പ്രദായികമായ നിയമങ്ങളിൽ മാത്രം ഫുട്ബോൾ ലോകം ഒതുങ്ങി നിൽക്കരുതെന്ന അഭിപ്രായമാണ് മുന്നോട്ടു വെക്കുന്നത്.
"പരമ്പരാഗതമായി തുടരുന്ന നിയമങ്ങൾക്കു പിന്നിൽ ഒളിച്ചു നിൽക്കാതെ ഫുട്ബോളിൽ വിപ്ലവം സ്വയമേവ സംഭവിക്കണം," നെഗൽസ്മാൻ പറഞ്ഞു. പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങൾ നടപ്പിലാക്കാൻ വേണ്ടി അമേരിക്കൻ ഫുട്ബോളിലെ പല കാര്യങ്ങളും മാതൃകയാക്കണമെന്നും ബയേൺ പരിശീലകൻ നിർദ്ദേശിച്ചു.
Julian Nagelsmann believes that football ⚽️ should take some inspiration from football ? ?
— International Champions Cup (@IntChampionsCup) September 18, 2021
Do you agree? ? pic.twitter.com/ONw7ffIXE7
"ഫുട്ബോളിനേക്കാൾ വളരെയധികം സാങ്കേതികമായി ഉയർന്ന തലത്തിലാണ് അമേരിക്കൻ ഫുട്ബോൾ ഉള്ളത്. ക്വാർട്ടർ ബാക്കിന്റെ ചെവിയിൽ കോച്ചിന്റെ നിർദ്ദേശങ്ങൾ കേൾക്കുന്നതിനായി ഒരു ഇയർപീസ് ഉണ്ടായിരിക്കും. നമുക്കും അതുപോലൊരെണ്ണം വേണ്ടത് അത്യാവശ്യമാണ്."
ഒരു ഫുട്ബോൾ പരിശീലകനെന്ന നിലയിൽ അതുപോലൊരു മാറ്റം കൊണ്ട് വളരെയധികം ഗുണങ്ങളുണ്ടാകുമെന്നു പറഞ്ഞ ബയേൺ പരിശീലകൻ അമേരിക്കൻ ഫുട്ബോളിലെ പോലെ ടൈം ഔട്ടുകൾ വേണമെന്ന നിർദ്ദേശവും മുന്നോട്ടു വെച്ചു. ഹാഫ് ടൈം മാത്രമാണ് ടീമിന്റെ തന്ത്രങ്ങൾ കളിക്കാരുമായി സംസാരിക്കാനുള്ള സമയമായി ലഭിക്കുന്നതെന്നും അതിൽ നിന്നും മാറ്റം ഉണ്ടാകണമെന്ന അഭിപ്രായമാണ് നെഗൽസ്മാനുള്ളത്.
ആർബി ലീപ്സിഗിൽ നിന്നും ബയേൺ മ്യൂണിക്കിലേക്ക് ചെക്കറിയ നെഗൽസ്മാന് കീഴിൽ മികച്ച പ്രകടനമാണ് ജർമൻ ക്ലബ് നടത്തുന്നത്. ഇന്നലെ നടന്ന ബുണ്ടസ്ലീഗ മത്സരത്തിൽ വിഎഫ്എൽ ബൊച്ചുമിനെതിരെ നേടിയ ഏഴു ഗോൾ വിജയമടക്കം കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്നും മുപ്പത്തിയൊന്നു ഗോളുകളാണ് ബയേൺ മ്യൂണിക്ക് അടിച്ചു കൂട്ടിയിരിക്കുന്നത്.