ലയണൽ മെസിയുടെ വിടവാങ്ങലായിരുന്നു ബാഴ്സലോണ പരിശീലകനെന്ന നിലയിൽ തന്റെ ഏറ്റവും മോശം നിമിഷമെന്ന് റൊണാൾഡ് കൂമാൻ

ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് റൊണാൾഡ് കൂമാന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു. കറ്റാലൻ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് നിന്ന് അദ്ദേഹം എന്ന് പുറത്താക്കപ്പെടുമെന്ന് മാത്രമേ ഇനി അറിയാനുള്ളൂ. ഈ ഞായറാഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നടക്കാനിരിക്കുന്ന ലാലീഗ പോരാട്ടമാകും ബാഴ്സയുടെ പരിശീലക വേഷത്തിൽ അദ്ദേഹത്തിന്റെ അവസാന മത്സരമെന്ന സൂചനകളും ശക്തമാണ്.
ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് കൂമാൻ ഇനി അധികം നാളുകളുണ്ടാവില്ലെന്ന് അറിയാവുന്നത് കൊണ്ടു തന്നെ ഇന്ന് പത്രസമ്മേളനത്തിനെത്തിയപ്പോൾ ക്ലബ്ബിലെ ഏറ്റവും മികച്ച നിമിഷവും, മോശം നിമിഷവും ഏതെന്ന ചോദ്യം മാധ്യപ്രവർത്തകർ കൂമാനോട് ചോദിച്ചു. ഈ ചോദ്യത്തിന് മറുപടി നൽകാൻ ആദ്യം ബുദ്ധിമുട്ടിയ ഡച്ച് പരിശീലകൻ, താൻ ഇപ്പോളും ക്ലബ്ബിന്റെ പരിശീലകനാണെന്ന് പറഞ്ഞതിന് പിന്നാലെ ചിരിച്ചു കൊണ്ട് മറുപടിയും നൽകി.
പരിശീലകനായി കരാർ ഒപ്പിട്ടതാണ് ബാഴ്സലോണയിലെ തന്റെ ഏറ്റവും മികച്ച നിമിഷമെന്ന് പറഞ്ഞ കൂമാൻ, ലയണൽ മെസിയുടെ വിടവാങ്ങലാണ് ക്ലബ്ബിൽ തന്റെ ഏറ്റവും മോശം നിമിഷമെന്നും വെളിപ്പെടുത്തി. തന്റെ പക്കൽ പണമുണ്ടായിരുന്നുവെങ്കിൽ മെസി ഇപ്പോളും ബാഴ്സലോണയിലുണ്ടായിരുന്നേനെയെന്നും ഇതിനൊപ്പം കൂമാൻ കൂട്ടിച്ചേർത്തു.
""എന്നെ സംബന്ധിച്ചിടത്തോളം ക്ലബ്ബിലെ ഏറ്റവും മികച്ച നിമിഷം പരിശീലകനായി കരാർ ഒപ്പിട്ടതാണ്. ഏറ്റവും മോശം നിമിഷം ലയണൽ മെസിയുടെ വിടവാങ്ങലും. എന്റെ കൈവശം പണമുണ്ടായിരുന്നുവെങ്കിൽ മെസി ഇപ്പോളും ബാഴ്സലോണ താരമായി തുടർന്നേനേ, അദ്ദേഹം പാരീസ് സെന്റ് ജെർമ്മനിലേക്ക് പോകുമായിരുന്നില്ല." "
- റൊണാൾഡ് കൂമാൻ
അതേ സമയം നിലവിൽ ദയനീയ ഫോമിലൂടെയാണ് ബാഴ്സലോണ കടന്നു പോകുന്നത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു വിജയം പോലും നേടാൻ കഴിഞ്ഞിട്ടില്ലാത്ത അവർ ചാമ്പ്യൻസ് ലീഗിൽ കളിച്ച രണ്ട് മത്സരങ്ങളിലും ദയനീയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ഈയൊരു സാഹചര്യത്തിൽ റൊണാൾഡ് കൂമാൻ കറ്റാലൻ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് തുടരുന്നതിനുള്ള സാധ്യതകൾ വളരെ വിരളമാണ്.