Premier League

മക്കൾ റൊണാൾഡോ ആരാധകരാണെങ്കിലും യുവന്റസ് ജേഴ്‌സി വീട്ടിൽ കയറ്റാൻ അനുവദിക്കാറില്ലെന്ന് ബ്രസീലിയൻ താരം

Sreejith N
SSC Napoli v Real Madrid CF - UEFA Champions League Round of 16: Second Leg
SSC Napoli v Real Madrid CF - UEFA Champions League Round of 16: Second Leg / Francesco Pecoraro/Getty Images
facebooktwitterreddit

തന്റെ രണ്ടു മക്കളും ആരാധിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആണെങ്കിലും പോർച്ചുഗീസ് താരത്തിന്റെ യുവന്റസ് ജേഴ്‌സി വീട്ടിൽ അണിയാൻ സമ്മതിക്കാറില്ലെന്ന് പ്രീമിയർ ലീഗ് ക്ലബായ എവർട്ടണിന്റെ ബ്രസീലിയൻ മധ്യനിര താരമായ അലൻ. ഇറ്റാലിയൻ ക്ലബായ നാപോളിക്ക് വേണ്ടി കളിച്ചിട്ടുള്ള അലൻ ആ വൈരി നിലനിൽക്കുന്നതു കൊണ്ടാണ് തന്റെ മക്കളായ മിഗ്വലിനെയും മാന്വലെയും യുവന്റസ് ജേഴ്‌സി അണിയുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്.

അകാല മുടികൊഴിച്ചിൽ നേരിടുന്ന മകൻ മിഗ്വലിനു പിന്തുണ നൽകി അടുത്തിടെ തന്റെ മുടിയും അലൻ ഷേവ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താരം തന്റെ മക്കളുടെ റൊണാൾഡോ ആരാധനയെക്കുറിച്ച് സംസാരിച്ചത്. "തീർച്ചയായും അവൻ ഫുട്ബോളിനെ ഇഷ്ടപ്പെടുന്നു, എല്ലായിപ്പോഴും ഫുട്ബോൾ കാളി കാണാറുമുണ്ട്. എവർട്ടണിന്റെയും ഞാൻ കളിച്ചിട്ടുള്ള മറ്റു ടീമുകളുടെയും ജേഴ്‌സി അവന്റെ പക്കലുണ്ട്."

"അവനും എന്റെ മകളുമാണ് എനിക്ക് ഏറ്റവുമധികം പ്രചോദനം നൽകുന്നത്. ഇരുവരും വലിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരുമാണ്. മകന്റെ പക്കൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ജേഴ്‌സിയുണ്ടെങ്കിലും വീടിനുള്ളിൽ യുവന്റസ് ജേഴ്‌സി അണിയാൻ അനുവാദമില്ല. നാപോളിയുടെ കടുത്ത വൈരികളാണ് യുവന്റസ് എന്നതു കൊണ്ടാണത്. അതുകൊണ്ടു തന്നെ നിരവധി റയൽ മാഡ്രിഡ് ജേഴ്‌സികൾ വീട്ടിലുണ്ട്." അലൻ ലിവർപൂൾ എക്കോയോട് പറഞ്ഞു.

ചെറിയ കുട്ടികൾ ഗോളടിക്കുന്നതാണ് സ്വപ്നം കാണുകയെന്നും അതുകൊണ്ടു തന്നെ ഗോളുകൾ നേടുന്ന താരങ്ങളെ ആരാധിക്കുന്നത് സ്വാഭാവികമാണെന്നും അക്കാര്യത്തിൽ തന്റെ മകൻ വ്യത്യസ്‌തനല്ലെന്നും അലൻ പറഞ്ഞു. ഈ സമ്മറിൽ 22 മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫറിൽ നാപോളിയിൽ നിന്നും എവർട്ടണിലെത്തിയ അലൻ പതിനേഴു തവണ പ്രീമിയർ ലീഗ് ക്ലബിനായി കളത്തിലിറങ്ങിയിട്ടുണ്ട്.

facebooktwitterreddit