Football in Malayalam

അവസാന മിനുറ്റിൽ ആവേശ ഗോൾ ; മുംബൈ‌ സിറ്റി എഫ് സി, ഐ എസ് എൽ ചാമ്പ്യന്മാർ

Gokul Manthara
FBL-IND-ISL-KOLKATA-KERALA
FBL-IND-ISL-KOLKATA-KERALA / SAJJAD HUSSAIN/Getty Images
facebooktwitterreddit

ആവേശം അവസാന മിനുറ്റ് വരെ നീണ്ടു നിന്ന കലാശപ്പോരാട്ടത്തിൽ കരുത്തരായ എടികെ മോഹൻ ബഗാനെ 2-1 ന് കീഴടക്കിയ മുംബൈ സിറ്റി എഫ് സി ഏഴാം സീസൺ ഐ എസ് എല്ലിലെ കിരീട ജേതാക്കൾ. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിലായതിന് ശേഷമാണ് മുംബൈ സിറ്റിയുടെ ഉജ്ജ്വല വിജയവും, കിരീട ധാരണവും. ഡേവിഡ് വില്ല്യംസ് എടികെ മോഹൻ ബഗാനായി ഗോൾ നേടിയപ്പോൾ, തിരി ദാനം നൽകിയ സെൽഫ് ഗോളിൽ മുംബൈ സമനില പിടിക്കുകയും, 90-ം മിനുറ്റിൽ ബിപിൻ സിംഗ് നേടിയ ഗോളിലൂടെ കിരീടം കൈക്കലാക്കുകയുമായിരുന്നു. മുംബൈയുടെ ആദ്യ ഐ എസ് എൽ കിരീടം കൂടിയാണിത്.

ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ ‌നടന്ന മത്സരത്തിൽ തുടക്കം തന്നെ പ്രസ്സിംഗ് ഗെയിമാണ് എടികെ മോഹൻ ബഗാൻ പുറത്തെടുത്തത്. ഇതിന്റെ ഫലമായിട്ടായിരുന്നു അവരുടെ ആദ്യ ഗോൾ പിറന്നതും. മത്സരത്തിന്റെ പതിനെട്ടാം മിനുറ്റിൽ ഡേവിഡ് വില്ല്യംസായിരുന്നു ടീമിനായി ഗോൾ നേടിയത്. എന്നാൽ ലീഡെടുത്ത എടികെ യുടെ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല. ഇരുപത്തിയൊൻപതാം മിനുറ്റിൽ തിരി വഴങ്ങിയ സെൽഫ് ഗോൾ മുംബൈ സിറ്റിക്ക് മത്സരത്തിൽ സമനില സമ്മാനിച്ചു.

ഇരു ടീമുകളും ലീഡിനായി പൊരുതുന്നതിനിടെ മുംബൈ സിറ്റിയുടെ ഇന്ത്യൻതാരം അമയ് റണവാഡെയ്ക്ക് പരിക്കേറ്റത് മൈതാനത്ത് വലിയ ആശങ്ക വിതച്ചു. ഇതേത്തുടർന്ന് മത്സരം അല്പ‌സമയം തടസപ്പെട്ടു. തുടർന്ന് വൈദ്യ സംഘമെത്തി റണവാഡെയെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് ശേഷമാണ് കളി പുനരാരംഭിച്ചത്.

രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. എന്നാൽ ഗോളിലേക്കെത്താൻ മാത്രം ഇരു കൂട്ടർക്കുമായില്ല. സമനിലയിൽ അവസാനിച്ച് മത്സരം‌ എക്സ്ട്രാ ടൈമിലേക്ക് കടക്കുമെന്ന് ഉറപ്പായ സമയത്താണ് മുംബൈ സിറ്റിയുടെ വിജയ ഗോൾ പിറന്നത്. എടികെ മോഹൻ ബഗാൻ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയ്ക്ക് സംഭവിച്ച പിഴവിൽ നിന്നായിരുന്നു ബിപിൻ സിംഗിലൂടെ മുംബൈ ഗോൾ വല കുലുക്കിയത്. 90-ം മിനുറ്റിൽ വഴങ്ങിയ ഈ ഗോളിന് മറുപടി നൽകാൻ എടികെയ്ക്ക് സമയം ബാക്കിയുണ്ടായിരുന്നില്ല. അങ്ങനെ 2-1 ന്റെ ത്രില്ലിംഗ് വിജയത്തോടെ ഏഴാം സീസൺ ഐ എസ് എൽ കിരീടം മുംബൈയിലേക്ക്.

facebooktwitterreddit