Transfers

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും വമ്പൻ ട്രാൻസ്‌ഫർ ഓഫർ വന്നിരുന്നുവെന്ന് തോമസ് മുള്ളർ

Sreejith N
Thomas Muller Reveals Huge Transfer Offer From Man Utd
Thomas Muller Reveals Huge Transfer Offer From Man Utd / Matthias Hangst/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും തനിക്കൊരു വമ്പൻ ട്രാൻസ്‌ഫർ ഓഫർ വന്നിരുന്നുവെന്നു വെളിപ്പെടുത്തി ബയേൺ മ്യൂണിക്ക് സൂപ്പർതാരം തോമസ് മുള്ളർ. എന്നാൽ അത് യാതൊരു തരത്തിലും മുന്നോട്ടു പോയില്ലെന്നും തുടക്കത്തിൽ തന്നെ ബയേൺ അതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർണമായും അവസാനിപ്പിക്കുകയാണ് ചെയ്‌തതെന്നും ജർമൻ താരം വെളിപ്പെടുത്തി.

മുപ്പത്തിരണ്ടു വയസുള്ള തോമസ് മുള്ളർ 2024 വരെ ബയേൺ മ്യൂണിക്ക് കരാർ പുതുക്കിയിട്ടുണ്ട്. ഇതോടെ കരിയറിന്റെ അവസാനം വരെ ഒരൊറ്റ ക്ലബിനു വേണ്ടി കളിക്കുന്ന താരമായി മുള്ളർ മാറാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ വന്നപ്പോഴടക്കം മൂന്നു തവണ ബയേൺ മ്യൂണിക്ക് വിടാൻ താൻ ആലോചിച്ചിരുന്നുവെന്നാണ് മുള്ളർ പറയുന്നത്.

"മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും വന്നത് ഒരു വമ്പൻ ഓഫർ ആയിരുന്നിട്ടു കൂടി ബയേൺ അത് പൂർണമായും നിഷേധിച്ചു. അത് ബയേണിന്റെ വലിയൊരു ആത്മവിശ്വാസം കൂടിയായിരുന്നു." മുള്ളർ മെർകുറിനോട് സംസാരിക്കുമ്പോൾ പറഞ്ഞു. മുൻ ബയേൺ പരിശീലകൻ കൂടിയായ ലൂയിസ് വാൻ ഗാൽ മാനേജരായിരുന്ന സമയത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തനിക്കായി ഓഫർ നൽകിയതെന്നും മുള്ളർ പറഞ്ഞു.

അതിനു മുൻപ് ബയേൺ മ്യൂണിക്ക് ജൂനിയർ ടീമിൽ കളിച്ചു കൊണ്ടിരുന്ന സമയത്ത് ഹൊഫെൻഹീമിൽ നിന്നും ഓഫർ വന്നുവെന്നും അതന്നത്തെ സെക്കൻഡ് ടീം പരിശീലകൻ ഇടപെട്ട് ഇല്ലാതാക്കിയെന്നും മുള്ളർ പറഞ്ഞു. ഇതിനു പുറമെ നിക്കോ കോവാച്ച് പരിശീലകനായ സമയത്തും ക്ലബ് വിടുന്നതിനെ കുറിച്ച് താൻ ആലോചിച്ചിരുന്നുവെന്നും മുള്ളർ വെളിപ്പെടുത്തി.

ക്ലബ് കരിയറിലും ദേശീയ ടീമിനു വേണ്ടിയും സാധ്യമായ നേട്ടങ്ങൾ എല്ലാം സ്വന്തമാക്കിയിട്ടുള്ള തോമസ് മുള്ളർ ഒരൊറ്റ ക്ലബിൽ കരിയർ പൂർത്തിയാക്കുന്ന കളിക്കാരനായി മാറാനുള്ള സാധ്യത നിലനിൽക്കെ തന്നെ നിലവിലെ കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. തനിക്കു വരുന്ന ഓഫറുകൾ പരിഗണിക്കുമെന്നാണ് താരം പറയുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit