Football in Malayalam

മെസിയും റൊണാൾഡോയും ഒരുമിച്ചു കളിക്കുന്നതു കാണാൻ ആഗ്രഹമുണ്ടെന്ന് തോമസ് മുള്ളർ

Sreejith N
FC Barcelona v Juventus: Group G - UEFA Champions League
FC Barcelona v Juventus: Group G - UEFA Champions League / David Ramos/Getty Images
facebooktwitterreddit

കരിയറിന്റെ അവസാന കാലഘട്ടത്തിൽ മെസിയും റൊണാൾഡോയും ഒരുമിച്ചു കളിക്കുന്നതു കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളർ. കെയ്‌ലിയൻ എംബാപ്പെ പിഎസ്‌ജി വിടുകയാണെങ്കിൽ റൊണാൾഡോ ഫ്രഞ്ച് ക്ലബിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ഹെർത്ത ബെർലിനെതിരെ നടന്ന ബയേൺ മ്യൂണിക്കിന്റെ കഴിഞ്ഞ ലീഗ് മത്സരത്തിനു ശേഷം താരം പറഞ്ഞു.

റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നുണ്ടെന്നും എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും ഒരുമിച്ചു വന്ന സമയത്ത് ആരാധകരിൽ ഒരു വിഭാഗം പോർച്ചുഗൽ നായകൻ പിഎസ്‌ജിയിൽ എത്തുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ റൊണാൾഡോയെ തങ്ങൾ ട്രാൻസ്‌ഫറിനായി പരിഗണിച്ചിട്ടില്ലെന്നു പിഎസ്‌ജി പ്രസിഡന്റ് വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങൾക്ക് അവസാനമാവുകയായിരുന്നു.

"കെയ്‌ലിയൻ എംബാപ്പെ പിഎസ്‌ജിയിൽ നിന്നും ഇപ്പോഴും പോവുകയാണെങ്കിൽ റൊണാൾഡോയും മെസിയും ഒരുമിച്ചു കളിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. അതു വളരെ താൽപര്യമുണ്ടാക്കുന്ന കൂട്ടുകെട്ടാണ്. പ്രത്യേകിച്ചും ഈ സ്പോർട്ടിന്റെ ആരാധകനെന്ന നിലക്ക്. പന്തിന്മേൽ മികച്ചു നിൽക്കുന്ന താരങ്ങളെയും പന്തില്ലാതെ തന്നെ മികവു കാണിക്കുന്ന താരങ്ങളെയും ആവശ്യമുണ്ട്."

"ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെ കരുത്തുറ്റ ഒരു ഫൈനൽ പ്ലേയർ ആയിരിക്കും. അദ്ദേഹത്തിനു പന്ത് വളരെ ഡീപിൽ വേണമെന്നില്ല. മെസിക്കും നെയ്‌മർക്കും മിഡ്‌ഫീൽഡിലൂടെ നടക്കാം. അതു വളരെ ആവേശമുണ്ടാക്കുന്ന കാര്യമാണ്." ഹെർത്തക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം നേടിയതിനു ശേഷം സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ മുള്ളർ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലും മെസി പിഎസ്‌ജിയിലും പുതിയ കരാർ ഒപ്പിട്ടതോടെ ഇരു താരങ്ങളും സമീപഭാവിയിൽ ഒരുമിക്കാനുള്ള സാധ്യതകൾ കൂടിയാണ് ഇല്ലാതായത്. നിലവിൽ രണ്ടു വർഷത്തേക്ക് ക്ലബുകളുമായി കരാർ ഒപ്പിട്ടിരിക്കുന്ന കരിയർ അവസാനിപ്പിക്കുന്നതിനു മുൻപ് ഒരുമിച്ചു കളിക്കുന്നത് കാണാൻ ആരാധകർ വളരെയധികം ആഗ്രഹിക്കുന്നുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit