Football in Malayalam

ലെവൻഡോസ്‌കിയായിരുന്നു ബാലൺ ഡി ഓർ നേടാനർഹൻ, സലാ ബെസ്റ്റ് ഇലവനിൽ സ്ഥാനം നേടേണ്ട താരമെന്നും തോമസ് മുള്ളർ

Sreejith N
FC Salzburg v FC Bayern München: Round Of Sixteen Leg One - UEFA Champions League
FC Salzburg v FC Bayern München: Round Of Sixteen Leg One - UEFA Champions League / Alexander Hassenstein/GettyImages
facebooktwitterreddit

2021ലെ ബാലൺ ഡി ഓർ നേടാൻ ലയണൽ മെസിയേക്കാൾ അർഹതയുണ്ടായിരുന്നത് റോബർട്ട് ലെവൻഡോസ്‌കിക്കെന്ന് ബയേൺ മ്യൂണിക്ക് താരമായ തോമസ് മുള്ളർ. ഓരോ പ്രദേശങ്ങളിലും ഉള്ള മികച്ച കളിക്കാർക്കനുസരിച്ച് ആളുകളുടെ അഭിപ്രായങ്ങൾ മാറുമെന്നും അതിനൊപ്പം താരം കൂട്ടിച്ചേർത്തു. ബെസ്റ്റ് ഇലവനിൽ ഇടം പിടിക്കാൻ യോഗ്യനായിരുന്നു സലാ എന്നും തോമസ് മുള്ളർ അഭിപ്രായപ്പെട്ടു.

"മാധ്യമപ്രവർത്തകരുടെ വോട്ടുകളാണ് അതു തിരഞ്ഞെടുക്കുക എന്നെനിക്ക് അറിയാം. വിജയി, എല്ലാം ശരിയായി വന്നാൽ, ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ആളായിരിക്കും. അതു കൊണ്ടാണ് മെസി പുരസ്‌കാരം നേടിയത്." ബയേൺ മ്യൂണിക്കിൽ തന്റെ സഹതാരമായ ലെവൻഡോസ്‌കിക്ക് പുരസ്‌കാരം നഷ്‌ടമായ സാഹചര്യത്തെക്കുറിച്ച് എംബിസി മാസ്‌റിനോട് മുള്ളർ പറഞ്ഞു.

"പക്ഷെ മ്യൂണിക്കിൽ ഞങ്ങൾക്ക് വ്യത്യസ്‌തമായ അഭിപ്രായമാണ് ഉണ്ടായിരുന്നത്. കാരണം ഞങ്ങൾ എല്ലാ മത്സരങ്ങളിലും ലെവൻഡോസ്‌കി കളിക്കുന്നതും ഗോൾ നേടുന്നതും കാണുന്നു. ഈജിപ്‌തിൽ നിരവധി പേർ സലായാണ് അവാർഡിന് അർഹനെന്നു കരുതും. എല്ലാവരും തന്റെ ക്ലബിനെയും രാജ്യത്തെയോ പ്രതിനിധീകരിച്ചു കളിക്കുന്ന താരം വിജയിക്കണമെന്നു കരുതുന്നത് എനിക്കു മനസിലാക്കാൻ കഴിയുന്ന കാര്യമാണ്."

"മെസി കോപ്പ അമേരിക്കയിൽ കളിക്കുന്നതു കണ്ട സൗത്ത് അമേരിക്കയിലെ ആരാധകരും മാധ്യമപ്രവർത്തകരും അതു തന്നെയാണ് ചിന്തിക്കുക. ഇതു ബുദ്ധിമുട്ടേറിയ കാര്യമാണ്, എല്ലാവർക്കും അവരവരുടെ ഇഷ്‌ടതാരമുണ്ട്. പക്ഷെ വ്യക്തിഗത പുരസ്‌കാരമല്ല ഫുട്ബോളിൽ പ്രധാനപ്പെട്ടത്, ഫീൽഡിൽ എന്തു സംഭവിക്കുന്നു എന്നതാണ്." മുള്ളർ വ്യക്തമാക്കി.

വളരെ മികച്ച പ്രകടനം നടത്തി ലോകത്തിലെ തന്നെ ഏവരുടെയും ശ്രദ്ധയും ബഹുമാനവും പിടിച്ചു പറ്റുന്ന താരമാണ് സലായെന്നും താരത്തെ ബെസ്റ്റ് ഇലവനിൽ നിന്നും തഴഞ്ഞത് വലിയ നിരാശയാണെന്നും മുള്ളർ വ്യക്തമാക്കി. യൂറോപ്പിന് ഫുട്ബോൾ ലോകത്ത് വലിയ സ്വാധീനം ഉള്ളതിനാൽ യൂറോ കപ്പിൽ ഇറ്റലി വിജയം നേടിയതിന്റെ ഭാഗമായി ഏതാനും ഇറ്റാലിയൻ താരങ്ങൾക്കു വേണ്ടി സലായെ ഒഴിവാക്കിയതായിരിക്കുമെങ്കിലും താരം സ്ഥാനം അർഹിച്ചിരുന്നുവെന്നും മുള്ളർ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit