റയൽ മാഡ്രിഡിന്റെ രണ്ട് താരങ്ങളെ നോട്ടമിട്ട് മൗറീന്യോ; ജനുവരിയിൽ റോമയിലേക്ക് റാഞ്ചാൻ ശ്രമം നടത്തും

By Gokul Manthara
FBL-ENG-PR-MAN UTD-ARSENAL
FBL-ENG-PR-MAN UTD-ARSENAL / PAUL ELLIS/GettyImages
facebooktwitterreddit

റയൽ മാഡ്രിഡ് താരങ്ങളായ നാച്ചോയേയും, ഡാനി സെബയ്യോസിനേയും എഎസ് റോമയിലേക്ക് കൊണ്ടു വരാൻ ക്ലബ്ബിന്റെ പരിശീലകനായ ഹൊസെ മൗറീന്യോക്ക് താല്ലര്യമെന്നും അടുത്ത വർഷം ജനുവരിയിൽ ഇവരെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ്ബ് ശക്തമായ ശ്രമങ്ങൾ നടത്തിയേക്കുമെന്നും റിപോർട്ടുകൾ. ഇറ്റാലിയൻ ലീഗിൽ ഇക്കുറി പ്രതീക്ഷിച്ച മികവിലേക്കുയരാൻ റോമ പരാജയപ്പെടുന്നത് മൗറീന്യോക്ക് മേലുള്ള സമ്മർദ്ദവും വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ വരുന്ന വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ താൻ ആഗ്രഹിക്കുന്ന താരങ്ങളെയെത്തിച്ച് ക്ലബ്ബിന്റെ തലവര മാറ്റാനുള്ള പദ്ധതികളാണ് ഇപ്പോൾ മൗറീന്യോക്കുള്ളത്.

ഇക്കഴിഞ്ഞ സമ്മറിൽ താൻ നടത്തിയ സൈനിംഗുകളിൽ പോർച്ചുഗീസ് ഗോൾകീപ്പർ റൂയി പട്രീസിയോയുടെ സൈനിംഗ് മാത്രമാണ് മൗറീന്യോയെ സന്തുഷ്ടനാക്കുന്നതെന്നാണ് ഇറ്റാലിയൻ മാധ്യമായ കൊറിയ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്. സീസണിൽ മികച്ച തുടക്കം ലഭിച്ചിട്ടും ടമി എബ്രഹാമിന്റെ പ്രകടനത്തിൽ മൗറീന്യോക്ക് കാര്യമായ മതിപ്പില്ലെന്നും, എൽഡോർ ഷോമുറൊദേവ്, മത്യാസ് വിന, ബ്രയാൻ റെയ്നോൾഡ്സ് എന്നീ താരങ്ങളിലും പോർച്ചുഗീസ് പരിശീലകൻ തൃപ്തനല്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രതിരോധത്തിലും, മധ്യനിരയിലും കരുത്ത് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അറിയാവുന്ന മൗറീന്യോ, അതു കൊണ്ടു തന്നെയാണ് നാച്ചോ, സെബയ്യോസ് എന്നിവരെ ടീമിലേക്ക് നോട്ടമിട്ടിരിക്കുന്നത്. ഇവർക്ക് പുറമേ ചെൽസിയുടെ റൂബൻ ലോഫ്റ്റസ് ചീക്, ടോട്ടൻഹാം ഹോട്സ്പറിന്റെ ഹാരി വിങ്ക്സ്, ബൊറൂസിയ മോൻചെൻഗ്ലാഡ്ബാക്കിന്റെ ഡെനിസ് സക്കറിയ എന്നിവരും മൗറീന്യോയുടെ റഡാറിലുള്ള താരങ്ങളാണെന്നാണ് സൂചനകൾ.

അതേ‌ സമയം ഈ സീസൺ സീരി എയിലെ പോയിന്റ് പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് എഎസ് റോമ. ലീഗിൽ ഇക്കുറി ഇതിനകം കളിച്ച 11 മത്സരങ്ങളിൽ 6 വിജയവും, ഒരു സമനിലയുമാണ് അവരുടെ സമ്പാദ്യം. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടാനായ ക്ലബ്ബിനെതിരെയും, മൗറീന്യോക്കെതിരെയും ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ വിമർശനമാണ് നിലവിൽ ഉയർന്നു കൊണ്ടിരിക്കുന്നത്‌.


facebooktwitterreddit