കോൺഫറൻസ് ലീഗ് വിജയത്തിനു പിന്നാലെ കണ്ണീരോടെ മൗറീന്യോ, റോമയിൽ തന്നെ തുടരുമെന്ന് പരിശീലകൻ


പ്രഥമ യുവേഫ കോൺഫറൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ വികാരഭരിതനായി റോമയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കി പരിശീലകൻ ഹോസെ മൗറീന്യോ. തന്നെ നൂറു ശതമാനം റോമനിസ്റ്റ ആയി തോന്നുന്നുവെന്നാണ് മത്സരത്തിനു ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ കണ്ണീരോടെ മൗറീന്യോ പറഞ്ഞത്.
ഡച്ച് ക്ലബായ ഫെയനൂർദിനെ തോൽപ്പിച്ചാണ് റോമ കോൺഫറൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. നിക്കോളോ സാനിയോള മുപ്പത്തിരണ്ടാം മിനുട്ടിൽ റോമക്കായി ലക്ഷ്യം കണ്ടപ്പോൾ അതിനു മറുപടി നൽകാൻ ഫെയനൂർദിനായില്ല. വിജയത്തിനു ശേഷമാണ് ഇന്റർ മിലാനിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങളുള്ള മൗറീന്യോ തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചത്.
Jose Mourinho is the first-ever manager to win the Champions League, Europa League and Europa Conference League ? pic.twitter.com/juXysfFVlP
— GOAL (@goal) May 25, 2022
"ഞങ്ങൾ ഇന്നു ചരിത്രമെഴുതി. ഒരുപാട് കാര്യങ്ങൾ എന്റെ മനസിൽ ഇപ്പോഴുണ്ട്. ഞാൻ ജോലി ചെയ്ത ക്ലബുകളെയെല്ലാം ഞാൻ മാനിക്കുന്നു. പക്ഷെ ഇപ്പോൾ ഞാൻ നൂറു ശതമാനം റോമനിസ്റ്റയാണ്, കാരണം ഈ ആരാധകർ അവിശ്വസനീയമാണ്. ഞാൻ റോമയിൽ തുടരും, സംശയമില്ല, ചില ഓഫറുകൾ വന്നാലും എനിക്കിവിടെ തുടരണം." മൗറീന്യോ സ്കൈ സ്പോർട്സിനോട് പറഞ്ഞു.
കോൺഫറൻസ് ലീഗ് വിജയത്തോടെ യൂറോപ്പിലെ മൂന്നു പ്രധാന ക്ലബ് കിരീടങ്ങളും നേടുന്ന ആദ്യത്തെ പരിശീലകനായി മൗറീന്യോ മാറി. ഇതിനു മുൻപ് ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും വിവിധ വർഷങ്ങളിൽ നേടിയതിനു ശേഷമാണ് മൗറീന്യോ റോമക്കൊപ്പം കോൺഫറൻസ് ലീഗ് കിരീടവും സ്വന്തമാക്കിയത്.
Mourinho in tears on Italian tv.
— Tancredi Palmeri (@tancredipalmeri) May 25, 2022
Never saw him like this, only when he left Inter#RomaFeyenoord #UECLfinal #UECL pic.twitter.com/pyzdB6Sruv
യൂറോപ്യൻ ഫൈനലുകളിൽ 100 ശതമാനം വിജയമെന്ന തന്റെ റെക്കോർഡും മൗറീന്യോ നിലനിർത്തി. അഞ്ചു യൂറോപ്യൻ ഫൈനലുകളിൽ മൗറീന്യോയുടെ വിവിധ ടീമുകൾ കളിച്ചപ്പോൾ ഒരെണ്ണത്തിൽ പോലും തോൽവി നേരിട്ടിട്ടില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.