Football in Malayalam

'പരിശീലനത്തിൽ വളരെ മോശമായ മികച്ച താരം' - ഹസാർഡിനെ വിമർശിച്ച് മൗറീന്യോ

Sreejith N
Manchester United v Chelsea - Premier League
Manchester United v Chelsea - Premier League / Alex Livesey/Getty Images
facebooktwitterreddit

വളരെ മികച്ച കഴിവുകളുണ്ടെങ്കിലും കൃത്യമായി പരിശീലനം നടത്തുന്ന കാര്യത്തിൽ അലംഭാവം കാണിക്കുന്ന താരമാണ് ഹസാർഡെന്ന വിമർശനവുമായി പോർച്ചുഗീസ് പരിശീലകൻ ജോസെ മൗറീന്യോ. മുൻപ് ചെൽസിയിൽ ഹസാർഡിനെ പരിശീലിപ്പിച്ചിട്ടുള്ള മൗറീന്യോ ടോക്ക്സ്പോർട്ടിനോട് സംസാരിക്കുമ്പോഴാണ് ബെൽജിയം താരം പ്രൊഫെഷണൽ സമീപനം പുലർത്തുന്ന കാര്യത്തിൽ വളരെയധികം പിന്നിലാണെന്ന വിമർശനം ഉന്നയിച്ചത്.

2019ൽ ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഹസാർഡിനു നിരന്തരമായ പരിക്കുകളും ഫിറ്റ്നസ് പ്രശ്‌നങ്ങളും മൂലം വളരെ കുറച്ചു മത്സരങ്ങളിൽ മാത്രമേ കളത്തിലിറങ്ങാൻ കഴിഞ്ഞിട്ടുള്ളൂ. ഇതുവരെയും തന്റെ പ്രതിഭ റയലിനൊപ്പം പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത താരത്തിനു നേരെ റയൽ മാഡ്രിഡ് ആരാധകരും വിമർശനം ഉന്നയിക്കുന്നുണ്ട്. ഇതിനിടയിലാണ് രണ്ടു വർഷത്തോളം ചെൽസിയിൽ ഹസാർഡിനെ പരിശീലിപ്പിച്ച മൗറീന്യോയും താരത്തിനെതിരെ തിരിഞ്ഞത്.

"പരിശീലകനത്തിൽ വളരെയധികം മോശമായ മികച്ച താരം. എല്ലാ ദിവസവും മൈതാനത്തേക്ക് വരുമെങ്കിലും കൂടുതൽ അധ്വാനിക്കാൻ ഹസാർഡ് തയ്യാറാവില്ല. ഒരു മികച്ച പ്രൊഫെഷണൽ ആയിരുന്നെങ്കിൽ താരം എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുംm മൗറീന്യോ വ്യക്തമാക്കി.

കഴിഞ്ഞ മാർച്ചിൽ ചെൽസിയിൽ ഹസാർഡിന്റെ സഹതാരമായിരുന്ന ജോൺ ഒബി മൈക്കൽ ദി അത്ലറ്റിക്കിനോട് സംസാരിക്കുമ്പോഴും ബെൽജിയൻ താരത്തിന്റെ അലസമായ സമീപനത്തെക്കുറിച്ച് പറഞ്ഞിരുന്നു. പ്രീമിയർ ലീഗിൽ കളിച്ചുകൊണ്ടിരുന്ന സമയത്ത് താരത്തിന് കടുപ്പമേറിയ പരിശീലനം ഇഷ്ടമായിരുന്നില്ലെന്ന ഒബി മൈക്കലിന്റെ വെളിപ്പെടുത്തലിനെ മൗറീന്യോ ശരി വെക്കുകയും ചെയ്‌തു.

ഹസാർഡ് പ്രതിരോധത്തെ സഹായിക്കാത്തതിനെ തുടർന്ന് തങ്ങൾ പത്ത് താരങ്ങളുമായാണ് കളിക്കുന്നതെന്ന അഭിപ്രായം ചെൽസി പരിശീലകനായിരിക്കുമ്പോൾ മൗറീന്യോ പ്രകടിപ്പിച്ചിട്ടുണ്ട്. ഹസാർഡ് മോശം ഫോമിലായതിനെ തുടർന്ന് ചെൽസി പ്രീമിയർ ലീഗിൽ പതിനാലാം സഥാനത്തെത്തിയ ഒരു സീസണിലാണ് മൗറീന്യോ പുറത്താക്കപ്പെട്ടതെന്ന് ഇതിനൊപ്പം ചേർത്തു വായിക്കാം,


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit