Football in Malayalam

മൗറീന്യോയുടെ ടോട്ടനത്തിൽ നിന്നുള്ള പുറത്താകലും, ക്ലബ് സൂപ്പർ ലീഗിൽ ചേരുന്നതും തമ്മിൽ ബന്ധമില്ലെന്ന് റിപോർട്ടുകൾ

Gokul Manthara
Everton v Tottenham Hotspur - Premier League
Everton v Tottenham Hotspur - Premier League / Clive Brunskill/Getty Images
facebooktwitterreddit

ഇന്നലെയായിരുന്നു തങ്ങളുടെ പരിശീലകനായിരുന്ന ഹോസെ മൗറീന്യോയെ, പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്സപർ തൽസ്ഥാനത്ത് നിന്ന് പുറത്താക്കിയത്. യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരാനുള്ള തീരുമാനം ക്ലബ് പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസമായിരുന്നു 2023 വരെ തങ്ങളുമായി കരാറുണ്ടായിരുന്ന മൗറീന്യോയെ ടോട്ടനം പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. മൗറീന്യോക്ക് യൂറോപ്യൻ സൂപ്പർ ലീഗിനോട് എതിർപ്പുണ്ടെന്നും അത് കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ടോട്ടനത്തിൽ നിന്നുള്ള ‌പുറത്താകലിന് സൂപ്പർ ലീഗുമായി ബന്ധമുണ്ടെന്നുമുള്ള തരത്തിൽ പിന്നാലെ അഭ്യൂഹങ്ങളും ഉയർന്നിരുന്നു.

എന്നാൽ, ക്ലബിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മൗറീന്യോ പുറത്തായതിന് ടോട്ടനം യൂറോപ്യ‌ൻ സൂപ്പർ ലീഗിൽ ചേരുന്നതുമായി യാതൊരു ബന്ധവുമില്ലെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലീഷ് മാധ്യമമായ അത്ലറ്റിക്ക്. ക്ലബ്ബിന്റെ സമീപകാല മത്സര ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് 17 മാസത്തെ ചുമതലക്ക് ശേഷം മൗറീന്യോയെ ടോട്ടനം പറഞ്ഞു വിട്ടതെന്നും അവരുടെ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ സൂപ്പർ ലീഗിലേക്കുള്ള ടോട്ടനത്തിന്റെ വരവും, ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് നിന്നുള്ള മൗറീന്യോയുടെ പുറത്താകലും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

നേരത്തെ 2019 നവംബറിലായിരുന്നു മൗറീന്യോ ടോട്ടനത്തിന്റെ പരിശീലകനായെത്തിയത്. മൗറീസിയോ പൊച്ചട്ടീനോക്ക് പകരം ക്ലബ്ബിന്റെ പരിശീലക വേഷമേറ്റെടുത്ത മൗറീന്യോ ആ സീസണിലെ പ്രീമിയർ ലീഗിൽ ടോട്ടനത്തെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യിപ്പിച്ച് യൂറോപ്പ ലീഗ് യോഗ്യതയും നേടിക്കൊടുത്തിരുന്നു.

എന്നാൽ ഈ സീസണിൽ ക്ലബ്ബിന് പ്രീമിയർ ലീഗിൽ പ്രതീക്ഷിച്ച ഫോമിലേക്കുയരാനായില്ല. 6 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് മാത്രമുള്ള‌ ടോട്ടനം ഇക്കുറിയും ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടുന്ന കാര്യം സംശയത്തിലായിരിക്കെയാണ് മൗറീന്യോക്ക് ക്ലബ്ബിന് പുറത്തേക്കുള്ള വഴി തുറന്നിരിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit