ടോട്ടനത്തിലേക്ക് പോകേണ്ടി വന്നാൽ റിട്ടയർ ചെയ്യുമെന്ന് ഓസിൽ, അതേ നാണയത്തിൽ മറുപടി നൽകി മൗറീന്യോ

ടോട്ടനം ഹോട്സ്പറിലേക്ക് ചേക്കേറേണ്ട സാഹചര്യമുണ്ടായാൽ റിട്ടയർ ചെയ്യുകയാണു നല്ലതെന്നു പറഞ്ഞ ആഴ്സണൽ താരം മെസൂദ് ഓസിലിന് അതേ നാണയത്തിൽ മറുപടി നൽകി സ്പർസ് പരിശീലകൻ ഹോസെ മൗറീന്യോ. കഴിഞ്ഞ ദിവസം ട്വിറ്ററിലെ ചോദ്യോത്തര വേളയിൽ ആരാധകർക്ക് മറുപടി നൽകുമ്പോഴാണ് ഇത്തരമൊരു പരാമർശം ഓസിൽ നടത്തിയത്.
ജൂണിൽ ആഴ്സണൽ കോൺട്രാക്ട് അവസാനിക്കുന്ന സമയത്ത് ടോട്ടനം മാത്രമാണ് സ്വന്തമാക്കാൻ മുന്നോട്ടു വരുന്നതെങ്കിൽ എന്ത് ചെയ്യുമെന്നാണ് ഒരു ആരാധകൻ ഓസിലിനോട് ചോദിച്ചത്. അത് വളരെ എളുപ്പമുള്ള ചോദ്യമാണെന്നും അങ്ങിനെ സംഭവിച്ചാൽ താൻ റിട്ടയർ ചെയ്യുമെന്നും താരം മറുപടി നൽകുകയും ചെയ്തു.
Mesut Ozil: I'd rather retire than join Tottenham
— Goal (@goal) January 12, 2021
Jose Mourinho: pic.twitter.com/bfk2k6zPOi
ഓസിലിന്റെ മറുപടി അദ്ദേഹത്തിന്റെ മുൻ പരിശീലകനും നിലവിൽ ടോട്ടനം മാനേജരുമായ മൗറീയോയെ വളരെയധികം ബാധിച്ചില്ലെങ്കിലും അതേപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം കുറിക്കു കൊള്ളുന്ന മറുപടി തന്നെയാണ് നൽകിയത്. ടോട്ടനത്തിന് ഓസിലിനെ സ്വന്തമാക്കാൻ താത്പര്യമുണ്ടെന്ന് ആരാണ് താരത്തോട് പറഞ്ഞതെന്നാണ് മൗറീന്യോ ഇതേക്കുറിച്ച് മറുപടി പറഞ്ഞത്.
അതേ സമയം, ഇംഗ്ലണ്ട് താരമായ ഹാരി വിങ്ക്സ് സ്പാനിഷ് ക്ലബായ വലൻസിയയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളോട് മൗറീന്യോ രൂക്ഷമായാണ് പ്രതികരിച്ചത്. ഇതേക്കുറിച്ചുള്ള സംസാരം അവസാനിപ്പിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് മാധ്യമങ്ങളോട് ചോദിച്ച മൗറീന്യോ വിങ്ക്സ് ഒരു ക്ലബ്ബിലേക്കും ജനുവരിയിൽ ചേക്കേറില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.
ഫുൾഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുൻപ് സംസാരിക്കുമ്പോഴാണ് പോർച്ചുഗീസ് പരിശീലകൻ ഈ പ്രതികരണങ്ങൾ നടത്തിയത്. ഇന്നലെ നടന്ന മത്സരം ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. മത്സരം വിജയിച്ചാൽ നാലാം സ്ഥാനത്തേക്ക് മുന്നേറാൻ കഴിയുമായിരുന്ന ടോട്ടൻഹാം നിലവിൽ ആറാം സ്ഥാനത്താണുള്ളത്.