3-1നു മുന്നിലായതിനു ശേഷം 4-3ന്റെ പരാജയം, യുവന്റസിനെതിരായ തോൽ‌വിയിൽ പ്രതികരിച്ച് മൗറീന്യോ

AC Milan v AS Roma - Serie A
AC Milan v AS Roma - Serie A / Ciancaphoto Studio/GettyImages
facebooktwitterreddit

യുവന്റസിനെതിരെ നടന്ന സീരി എ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുന്നിൽ നിന്നതിനു ശേഷം മൂന്നിനെതിരെ നാലു ഗോളുകളുടെ തോൽവി വഴങ്ങിയ റോമയുടെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് പരിശീലകൻ ഹോസെ മൗറീന്യോ. മാനസികമായ പ്രശ്‌നങ്ങളാണ് ടീമിന് തിരിച്ചടി നൽകിയതെന്നും അതിൽ നിന്നും പുറത്തു കടക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ടാമി അബ്രഹാമിന്റെ ഗോളിൽ പതിനൊന്നാം മിനുട്ടിൽ തന്നെ റോമ മുന്നിലെത്തിയെങ്കിലും ഡിബാല ഏഴു മിനിറ്റിനകം തന്നെ യുവന്റസിനെ ഒപ്പമെത്തിച്ചു. അതിനു ശേഷം എംഖിറ്റാറിയൻ, പെല്ലെഗ്രിനി എന്നിവർ റോമയുടെ ലീഡ് ഉയർത്തിയെങ്കിലും ലോകാടെല്ലി, കുലുസീവ്സ്കി, ഡി സിഗ്ലിയോ എന്നിവർ ഏഴു മിനുറ്റിനിടെ നേടിയ മൂന്നു ഗോളുകളാണ് യുവന്റസിനെ വീണ്ടും മുന്നിലെത്തിച്ചത്.

എൺപത്തിമൂന്നാം മിനുട്ടിൽ മത്സരത്തിൽ ഒപ്പമെത്താൻ റോമക്ക് അവസരം ലഭിച്ചെങ്കിലും പെല്ലെഗ്രിനിയുടെ പെനാൽറ്റി കിക്ക് ഷെസിനി തടഞ്ഞിട്ടത് യുവന്റസിന്റെ വിജയം ഉറപ്പാക്കി. വിജയത്തോടെ യുവന്റസ് അഞ്ചാം സ്ഥാനത്ത് തുടരുമ്പോൾ തോൽവിയോടെ ഏഴാം സ്ഥാനത്താണ് റോമ.

"എഴുപതു മിനുട്ടു വരെ ഞങ്ങൾക്ക് പൂർണമായും നിയന്ത്രണം ഉണ്ടായിരുന്നു. ടീം വളരെ മികച്ച പ്രകടനം നടത്തുകയും മത്സരം നിയന്ത്രണത്തിൽ വരുത്താനുള്ള മനോഭാവം ഉണ്ടാവുകയും ചെയ്‌തിരുന്നു. മികച്ച രീതിയിൽ തന്നെയാണ് തുടങ്ങിയത്. ഹൈ പ്രസ് എന്ന ആശയം നടപ്പിൽ വരുത്തി ടെമ്പോ കൺട്രോൾ ചെയ്‌ത്‌ ആക്രമണങ്ങൾ നടത്തുകയാണ് ചെയ്തത്."

"എഴുപതു മിനുട്ട് വരെയും അത് നല്ല രീതിയിൽ പോയെങ്കിലും അവിടെ നിന്നും മാനസികമായി ടീം തകർന്നു. 3-2 എന്ന സ്‌കോറിൽ എത്തിയതോടെ ഞങ്ങൾ ഇല്ലാതായി. കാരണം ഫെലിക്‌സ് അസാധാരണമായ ഒരു മത്സരമാണ് കളിച്ചത്. താരത്തെ പിൻവലിച്ച് ഇറക്കിയ എൽഡർ പിഴവുകൾ വരുത്തി." മൗറീന്യോ ഡിഎസെഡ്എന്നിനോട് പറഞ്ഞു.

യുവന്റസ് വളരെ മികച്ച ടീമായതു കൊണ്ടും അവർ ഗോൾ നേടിയപ്പോൾ റോമ താരങ്ങൾ പതറിയതു കൊണ്ടുമാണ് മത്സരം കൈവിടേണ്ടി വന്നതെന്നും മൗറീന്യോ പറഞ്ഞു. അതേസമയം എഴുപതാം മിനുട്ട് വരെ തന്റെ താരങ്ങൾ വളരെ മികച്ച പ്രകടനമാണ് നടത്തിയതെന്നും ദൗർഭാഗ്യവശാൽ മത്സരം അതിനു ശേഷവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.