തനിക്കു കീഴിൽ കളിച്ച താരങ്ങളുടെ ഏറ്റവും മികച്ച ഇലവൻ തിരഞ്ഞെടുത്ത് ഹോസെ മൗറീന്യോ, ബെൻസിമ പുറത്ത്


പ്രതിരോധത്തിലൂന്നിയ ശൈലിയുടെ കാര്യത്തിൽ പലപ്പോഴും വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഫുട്ബോൾ ലോകം കണ്ട മികച്ച പരിശീലകരിൽ ഒരാളാണ് ഹോസെ മൗറീന്യോ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ യൂറോപ്പിലെ നിരവധി മികച്ച ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്
പരിശീലക കാലയളവിൽ ബെൻഫിക്ക, ലെയറിയ, പോർട്ടോ, ചെൽസി, ഇന്റർ മിലാൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം, റോമാ എന്നിവരെ പരിശീലിപ്പിച്ചിട്ടുള്ള മൗറീന്യോക്കു കീഴിൽ നിരവധി സൂപ്പർതാരങ്ങളും കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തനിക്കു കീഴിൽ കളിച്ച താരങ്ങളുടെ ഏറ്റവും മികച്ച ഇലവൻ ഡെയിലി മിററിനു വേണ്ടി മൗറീന്യോ തിരഞ്ഞെടുക്കുകയുണ്ടായി.
Jose Mourinho's all time XI ?#MaxTV #MaxFM #MaxSports #MaxOnline #Blackstars #Roma #JoseMourinho pic.twitter.com/7q20FmCrXn
— Max TV (@maxtvgh) May 19, 2022
4-3-3 ഫോർമേഷനിൽ തന്റെ ടീമിനെ അണിനിരത്തിയ മൗറീന്യോ ഗോൾകീപ്പറായി മുൻ ചെൽസി താരം പീറ്റർ ചെക്കിനെയാണ് തിരഞ്ഞെടുത്തത്. പ്രതിരോധത്തിൽ മൗറീന്യോക്കു കീഴിൽ കളിച്ച ഹാവിയർ സനേട്ടി, മുൻ ചെൽസി താരം ജോൺ ടെറി, റയൽ മാഡ്രിഡിൽ കളിച്ചിരുന്ന റിക്കാർഡോ കാർവാലോ, ചെൽസിയുടെ തന്നെ ആഷ്ലി കോൾ എന്നിവരെയാണ് മൗറീന്യോ തിരഞ്ഞെടുത്തത്.
മധ്യനിരയിൽ മുൻ ചെൽസി താരങ്ങളായ മക്കലെലെ, ഫ്രാങ്ക് ലംപാർഡ് എന്നിവരും റയൽ മാഡ്രിഡ് താരമായിരുന്ന മെസൂദ് ഓസിലുമാണുള്ളത്. മുന്നേറ്റനിരയിലും ചെൽസിയിൽ കളിച്ച താരങ്ങൾ ആധിപത്യം സ്ഥാപിച്ചപ്പോൾ ഹസാർഡ്, ദ്രോഗ്ബ എന്നിവരാണ് ഇടം നേടിയത്. ഇതിനു പുറമെ റയൽ മാഡ്രിഡിൽ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടുന്നതാണ് മുന്നേറ്റനിര.
ആദ്യ പതിനൊന്നിൽ എട്ടു താരങ്ങളും ചെൽസിയിൽ മൗറീന്യോക്ക് കീഴിൽ കളിച്ചവരാണ്. അതേസമയം നിരവധി പ്രധാന കളിക്കാരെ മൗറീന്യോ തന്റെ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡ് നായകൻ ഇകർ കസിയസിനു പുറമെ കരിം ബെൻസിമ, മാഴ്സലോ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, സാമുവൽ എറ്റൂ, സ്നൈഡർ, ലുക്കാക്കു എന്നിവരെല്ലാം അതിലുൾപ്പെടുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.