റയൽ മാഡ്രിഡ് വിട്ടപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു വരാനൊരുങ്ങിയ റൊണാൾഡോയെ വേണ്ടെന്നു വെച്ചത് മൗറീന്യോ


ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയതിനു ശേഷം റയൽ മാഡ്രിഡ് വിട്ട റൊണാൾഡോ ആ സമയത്തു തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു വരാനുള്ള സാധ്യത ഉണ്ടായിരുന്നു എന്നും എന്നാൽ അതു വേണ്ടെന്നു വെച്ചത് അന്നത്തെ പരിശീലകൻ ഹോസെ മൗറീന്യോ ആയിരുന്നുവെന്നും വെളിപ്പെടുത്തി ഫുട്ബോൾ പണ്ഡിറ്റായ ജിം വൈറ്റ്. ടോക്സ്പോർട്ടിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾക്ക് വേണ്ടി കളിച്ച്, പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് ഇക്കഴിഞ്ഞ സമ്മറിൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. എന്നാൽ യുവന്റസിലേക്ക് പോകുന്നതിനു മുൻപേ തന്നെ പോർച്ചുഗീസ് താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസരമുണ്ടായിരുന്നു എന്നും മൗറീന്യോയുടെ ഇടപെടലാണ് അതു നടക്കാതിരിക്കാൻ കാരണമെന്നുമാണ് ജിം വൈറ്റ് പറയുന്നത്.
Jose Mourinho "made it clear" he didn't want Cristiano Ronaldo when he was at Man Utdhttps://t.co/9HlGfOzLd2 pic.twitter.com/Hkp3PQxquO
— Mirror Football (@MirrorFootball) January 9, 2022
"റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ച് പല വർഷങ്ങളിലും ചർച്ചകൾ ഉണ്ടായിരുന്നു. താരം റയൽ മാഡ്രിഡ് വിട്ടപ്പോൾ തന്നെ അതിനുള്ള സാധ്യത ഉണ്ടായിരുന്നു. അന്ന് റൊണാൾഡോ മികച്ച പ്രകടനം നടത്തുന്ന സമയമായിരുന്നെങ്കിലും മുൻഗണന നൽകേണ്ട മറ്റു കാര്യങ്ങൾ ഉണ്ടെന്നു പറഞ്ഞ് മൗറീന്യോ ഇടപെട്ടതിനാൽ അതു സാധ്യമായില്ല." ജിം വൈറ്റ് പറഞ്ഞു.
റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആക്രമണനിര സുശക്തമായിരുന്നു. റൊമേലു ലുക്കാക്കു, മാർക്കസ് റാഷ്‌ഫോഡ്, ആന്റണി മാർഷ്യൽ തുടങ്ങിയ താരങ്ങൾ ടീമിനൊപ്പം ഉള്ളതിനാൽ മൗറീന്യോ പോർച്ചുഗീസ് താരത്തിനു വേണ്ടി വൻതുക ചിലവഴിക്കാൻ വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് ഇറ്റാലിയൻ ലീഗിലെ റെക്കോർഡ് ട്രാൻസ്‌ഫറിൽ താരം യുവന്റസിൽ എത്തിയതെന്ന് വൈറ്റ് വ്യക്തമാക്കുന്നു.
യുവന്റസിനൊപ്പം മൂന്നു സീസണുകൾ ചിലവഴിച്ച് രണ്ടു സീരി എ കിരീടങ്ങൾ നേടിയ റൊണാൾഡോക്ക് പക്ഷെ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ജീവിതം അത്ര സുഖകരമല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സീസണിൽ ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് റൊണാൾഡോ ആണെങ്കിലും താരത്തിന്റെ സാന്നിധ്യം ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന വിമർശനം പലരും ഉയർത്തുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.