Football in Malayalam

മൗറീന്യോ വീണ്ടും പ്രീമിയർ ലീഗിലേക്ക്, ബെനിറ്റസിനു പകരക്കാരനായി എവർട്ടൺ പരിഗണിക്കുന്നത് പോർച്ചുഗീസ് പരിശീലകനെ

Sreejith N
AS Roma v FC Internazionale - Serie A
AS Roma v FC Internazionale - Serie A / Silvia Lore/GettyImages
facebooktwitterreddit

പോർച്ചുഗീസ് പരിശീലകനായ ഹോസെ മൗറീന്യോ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് വീണ്ടുമെത്താനുള്ള സാധ്യത വർധിക്കുന്നു. നേരത്തെ പ്രീമിയർ ലീഗിൽ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം ഹോസ്‌പർ എന്നീ ടീമുകളുടെ പരിശീലകനായിരുന്നിട്ടുള്ള മൗറീന്യോ ഇത്തവണ എവർട്ടണിന്റെ പരിശീലകനായാണ് പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരാനുള്ള സാധ്യത തെളിയുന്നത്.

റാഫ ബെനിറ്റസ് പരിശീലകനായി ചുമതല ഏറ്റെടുത്തതിനു ശേഷം ഈ സീസണിൽ എവർട്ടൺ പതറുന്ന പ്രകടനമാണ് നടത്തുന്നത്. പതിനാലു മത്സരങ്ങളിൽ ഏഴെണ്ണവും തോറ്റ അവർ വെറും പതിനഞ്ചു പോയിന്റ് മാത്രം നേടി ലീഗ് പോയിന്റ് ടേബിളിൽ പതിനാറാം സ്ഥാനത്താണ് നിൽക്കുന്നത്. ഇതോടെ ബെനിറ്റസിന്റെ പരിശീലകസ്ഥാനം തുലാസിൽ ആയിട്ടുണ്ട്.

ലിവർപൂളിനെതിരെ നടന്ന ഡെർബിയിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോറ്റതിനു പിന്നാലെ ബെനിറ്റസിലും ക്ലബ് നേതൃത്വത്തിലുമുള്ള ആശങ്ക ആരാധകർ പ്രകടമാക്കിയിരുന്നു. അതിനു പിന്നാലെ എവർട്ടൺ നേതൃത്വം അടിയന്തിര യോഗം ചേർന്നുവെങ്കിലും ഈ സീസണിൽ നിരവധി താരങ്ങൾ പരിക്കേറ്റു പുറത്തിരുന്നതാണ് നിലവിലെ അവസ്ഥക്ക് കാരണമായതെന്നും ക്ലബ്ബിനെ മുന്നോട്ടു കൊണ്ടു പോകാൻ സ്‌പാനിഷ്‌ പരിശീലകന് കഴിയുമെന്നുമാണ് അവർ വിശ്വസിക്കുന്നതെന്ന് മിറർ റിപ്പോർട്ടു ചെയ്‌തു.

അതേസമയം ഏതെങ്കിലും സാഹചര്യത്തിൽ റാഫ ബെനിറ്റസിനെ പുറത്താക്കാൻ ക്ലബ് തീരുമാനമെടുത്താൽ പകരക്കാരനായി മൗറിന്യോയെയാണ് അവർ നോട്ടമിടുന്നത്. നിലവിൽ റോമ പരിശീലകനായ മൗറീന്യോ മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം ഹോസ്‌പർ എന്നീ ടീമുകൾക്കൊപ്പം മികച്ച പ്രകടനം നടത്തിയില്ലെങ്കിലും പ്രീമിയർ ലീഗിൽ അദ്ദേഹത്തിനുള്ള പരിചയസമ്പത്ത് ഗുണം ചെയ്യുമെന്ന് അവർ കരുതുന്നു.

അതേസമയം ഈ സീസണിന്റെ തുടക്കത്തിൽ റോമയുടെ ചുമതല ഏറ്റെടുത്ത മൗറിന്യോക്ക് അവിടെയും അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്നില്ലെന്നതാണു യാഥാർഥ്യം. നിലവിൽ സീരി എയിൽ ആറാം സ്ഥാനത്തു നിൽക്കുന്ന റോമയെ കോൺഫറൻസ് ലീഗിൽ കുഞ്ഞൻ ടീമായ ബോഡോ/ഗ്ലിംറ്റ് ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഈയിടെ തറ പറ്റിച്ചത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit