2021ൽ ഏറ്റവുമധികം ലൈക്ക് നേടിയ ഫുട്ബോൾ താരങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ
By Sreejith N

സോഷ്യൽ മീഡിയ ഫുട്ബോൾ താരങ്ങളുടെ വ്യക്തിപരമായ ജീവിതത്തെപ്പറ്റി കൂടുതലറിയാൻ ആരാധകരെ സഹായിക്കുന്ന ഒന്നാണ്. അതിൽ തന്നെ മുന്നിൽ നിൽക്കുന്ന ഒന്നാണ് ഇൻസ്റ്റഗ്രാം. ഇക്കാര്യത്തിൽ ട്വിറ്ററും ഇൻസ്റ്റഗ്രാമും തമ്മിൽ ഒരു മത്സരമുണ്ടെന്നു പറയാമെങ്കിലും രണ്ടു പ്ലാറ്റ്‌ഫോമുകൾ അവരുടേതായ തലത്തിൽ അതിൽ വിജയിച്ചു പോന്നിട്ടുണ്ട്.
2021 അവസാനിക്കാനിരിക്കെ ഫുട്ബോൾ താരങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നായ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ ഫുട്ബോൾ താരങ്ങളുടെ പോസ്റ്റുകൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
1. ഇരട്ടക്കുട്ടികളെക്കുറിച്ച് റൊണാൾഡോ അറിയിച്ച പോസ്റ്റ് - ഒക്ടോബർ 29
ജോർജീനോ വീണ്ടും ഗർഭിണിയായെന്നും അത് ഇരട്ടക്കുട്ടികളാണെന്നും റൊണാൾഡോയും ജോർജീനോയും വെളിപ്പെടുത്തിയ ഇൻസ്റ്റഗ്രാം കൊളാബ് പോസ്റ്റ് ഇതുവരെ 32.2 മില്യൺ ലൈക്കുകളാണ് നേടിയത്. ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം സോഷ്യൽ മീഡിയ ഫോളോവേഴ്‌സുള്ള റൊണാൾഡോ ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയതിൽ യാതൊരു അത്ഭുതവും ഇല്ല.
2. ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയത്- ഓഗസ്റ്റ് 11
ഫുട്ബോൾ ആരാധകരെ അത്ഭുതപ്പെടുത്തിയ, ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സംഭവിച്ച ലയണൽ മെസിയുടെ പിഎസ്‌ജി ട്രാൻസ്‌ഫർ സ്ഥിരീകരിച്ച പോസ്റ്റിന് ഇതുവരെ 22.1 മില്യൺ ലൈക്കുകളാണ് കിട്ടിയത്. 294 മില്യൺ ആളുകളാണ് മെസിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.
3. കോപ്പ അമേരിക്ക കിരീടവുമായി നിൽക്കുന്ന ലയണൽ മെസി- ജൂലൈ 11
മെസി ആരാധകർ ഏവരും കാത്തിരുന്ന ഒരു സുവർണ നിമിഷത്തിന്റെ സാക്ഷാത്കാരമാണ് ജൂലൈയിൽ നടന്നത്. സീനിയർ കരിയറിൽ ആദ്യമായി ലയണൽ മെസി ദേശീയ ടീമിനൊപ്പം ഒരു കിരീടം നേടിയപ്പോൾ 28 വർഷത്തെ അർജന്റീനയുടെ കിരീടാവരൾച്ചക്കു കൂടിയാണ് അവസാനമായത്. ഇതുവരെ 22 മില്യൺ ലൈക്കുകൾ ഈ പോസ്റ്റിനു ലഭിച്ചിട്ടുണ്ട്.
4. ബാഴ്‌സലോണയോട് വിടപറയുന്ന ലയണൽ മെസി- ഓഗസ്റ്റ് 8
കോപ്പ അമേരിക്ക കിരീടം നേടിയതിന്റെ സന്തോഷത്തിൽ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തിയ ലയണൽ മെസിക്കു പക്ഷെ വളരെയധികം വേദനാജനകമായിരുന്നു പിന്നീട് നടന്ന സംഭവങ്ങൾ. സാമ്പത്തിക പ്രതിസന്ധി മൂലം താരത്തിനു ക്ലബുമായി കരാർ പുതുക്കാൻ കഴിയാതെ വരികയും ബാഴ്‌സ വിടേണ്ടി വരികയും ചെയ്‌തു. 21.2 മില്യൺ ലൈക്കുകളാണ് ആ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ നേടിയത്.
5. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ മടങ്ങിവരവ്- ഓഗസ്റ്റ് 27
ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത് സംഭവബഹുലമായ ഒരു കാര്യമായിരുന്നു. തന്നെ ലോകത്തിലെ സൂപ്പർതാരമാക്കാൻ അവസരമൊരുക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചു വരവ് ക്ലബ് പ്രഖ്യാപിച്ച പോസ്റ്റിന് ഇതുവരെ 13.04 മില്യൺ ലൈക്കുകളാണ് ലഭിച്ചത്.
6. മെസി, എംബാപ്പെ എന്നിവർക്കൊപ്പമുള്ള നെയ്‌മറുടെ ചിത്രം- സെപ്‌തംബർ 29
ലയണൽ മെസി കൂടി എത്തിയതോടെ ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിരകളിൽ ഒന്നായി മാറിയ നെയ്‌മർ- മെസി- എംബാപ്പെ സഖ്യത്തിന്റെ ചിത്രം ബ്രസീലിയൻ താരം പോസ്റ്റു ചെയ്‌തതിന് ഇതുവരെ 12.4 മില്യൺ ലൈക്കുകളാണ് ലഭിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.