Football in Malayalam

സിയച്ചിന്റെ പേര് ലയണൽ മെസിയെന്നായാലും മൊറോക്കൻ ടീമിൽ താരത്തിനു സ്ഥാനമുണ്ടാകില്ലെന്ന് പരിശീലകൻ

Sreejith N
Chelsea v Tottenham Hotspur - Premier League
Chelsea v Tottenham Hotspur - Premier League / Visionhaus/GettyImages
facebooktwitterreddit

ഹക്കിം സിയച്ചിന്റെ പേര് ലയണൽ മെസിയെന്നാണെങ്കിൽ പോലും താരത്തിന് ഇനി മൊറോക്കൻ ടീമിൽ സ്ഥാനം ഉണ്ടാകില്ലെന്ന് പരിശീലകൻ വാഹിദ് ഹാലിൽഹോസിച്ച്. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ ക്വാർട്ടർ ഫൈനലിൽ തോൽവി നേരിട്ട് മൊറോക്കോ പുറത്തായതിനു ശേഷം ചെൽസി താരത്തെ ടീമിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തിനെതിരെ വന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയടീമിനൊപ്പം സിയച്ച് പുലർത്തുന്ന മനോഭാവം താരത്തെ ദേശീയ ടീമിൽ ഉൾപ്പെടുത്താൻ അനുവദിക്കുന്നില്ലെന്നാണ് പരിശീലകൻ പറയുന്നത്. ചെൽസി മുന്നേറ്റനിര താരത്തെ മൊറോക്കൻ ടീമിൽ ഉൾപ്പെടുത്തുന്നത് ടീമിന്റെ സന്തുലിതമായ അവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

"ഞാൻ ടീമിനു വേണ്ടി തിരഞ്ഞെടുത്ത താരങ്ങൾ രാജ്യത്തെ തന്നെ ഏറ്റവും മികച്ച കളിക്കാരാണ്. ടീമിന്റെ സന്തുലിതാവസ്ഥ തകർക്കുന്ന ഒരു താരത്തെ ഞാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ തയ്യാറല്ല, ആ താരത്തിന്റെ പേര് ലയണൽ മെസി എന്നാണെങ്കിൽ പോലും. സിയച്ചിന്റെ സ്വഭാവം താരത്തെ ടീമിൽ ഉൾപ്പെടുത്താൻ അനുവദിക്കുന്നില്ല."

"സിയച്ചിനു പരിശീലനം നടത്താൻ താൽപര്യമില്ല, കളിക്കാൻ താൽപര്യമില്ല, ഇതിനെ ഗൗരവത്തിൽ എടുക്കുകയും വേണ്ട. താരത്തോട് തിരിച്ചു വരാൻ ഞാൻ യാചിക്കുകയുമില്ല. മൂന്നു വർഷങ്ങൾക്കു മുൻപു നടന്ന ആഫ്‌കോണിനു ശേഷം താരമാണ് ഏറ്റവുമധികം വിമർശിക്കപ്പെട്ടത്. അവർ കൂക്കി വിളിക്കുകയും ഉണ്ടായി. അതു നിങ്ങൾ മറക്കരുത്." മാധ്യമങ്ങളോട് വാഹിദ് പറഞ്ഞു.

അയാക്‌സിൽ നിന്നും ചെൽസിയിലേക്ക് ചേക്കേറിയ ഹക്കിം സിയച്ചിനെ പരിക്കുകൾ ആക്രമിച്ചതിനാൽ രണ്ടു വർഷത്തെ കരിയറിൽ ഇരുപത്തിനാലു പ്രീമിയർ ലീഗ് മത്സരത്തിൽ മാത്രമാണ് താരം കളിച്ചിരുന്നത്. മൊറോക്കൻ ടീമിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോൾ നേടി സീസണിന്റെ രണ്ടാം പകുതി ഉജ്ജ്വലമാക്കുമെന്ന സൂചനകൾ താരം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit