'അവർ പറഞ്ഞ കാര്യങ്ങൾ പലതും സത്യമല്ല'; ബാഴ്സലോണക്കെതിരെ ആഞ്ഞടിച്ച് മൊറീബ

By Gokul Manthara
SD Eibar v FC Barcelona - La Liga Santander
SD Eibar v FC Barcelona - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

തങ്ങളുമായുള്ള കരാർ പുതുക്കാൻ താല്പര്യം കാണിക്കാതിരുന്ന‌ കൗമാര താരം ഐലക്സ് മൊറീബയെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് തൊട്ടു മുൻപായിരുന്നു ജെർമ്മൻ‌ ക്ലബ്ബായ ആർ ബി ലെപ്സിഗിലേക്ക്, ബാഴ്സലോണ കൈമാറിയത്. കരാർ പുതുക്കാൻ വമ്പൻ പ്രതിഫലം താരം ആവശ്യപ്പെട്ടതാണ് ഒരു വർഷത്തെ കരാർ ബാക്കിയുണ്ടായിരുന്ന താരത്തെ ക്ലബ്ബിൽ നിന്ന് ഒഴിവാക്കാൻ ബാഴ്സലോണ തീരുമാനിച്ചതിന് കാരണമെന്ന തരത്തിൽ ഇതിനൊപ്പം റിപ്പോർട്ടുകളും ഉയർന്നിരുന്നു. ബാഴ്സലോണ പ്രസിഡന്റ് ജോവൻ ലപ്പോർട്ടയാകട്ടെ മൊറീബ കരാർ പുതുക്കൽ കാര്യത്തിൽ വിട്ടു വീഴ്ച ചെയ്തില്ലെന്ന് മുൻപ് ചൂണ്ടിക്കാട്ടിയിരുന്നതുമാണ്.

എന്നാൽ ബാഴ്സലോണ വിട്ട് ആർ ബി ലെപ്സിഗിൽ ചേർന്ന താരം, തന്റെ പുതിയ ക്ലബ്ബിലെത്തിയതിന് ശേഷം നൽകിയ ആദ്യ അഭിമുഖത്തിൽ ബാഴ്സലോണക്കെതിരെയും, ക്ലബ്ബ് തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്കെതിരെയും ആഞ്ഞടിച്ചു. തന്റെ കരാറുമായി ബന്ധപ്പെട്ട കാര്യത്തിൽ കറ്റാലൻ ക്ലബ്ബിലെ ആളുകൾ പല തരത്തിലുള്ള കള്ളങ്ങളും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ കൗമാര താരം, എന്നാൽ ബാഴ്സലോണയോടുള്ള ബഹുമാനം കാരണം തങ്ങൾക്ക് വായടക്കേണ്ടി വന്നെന്നും കൂട്ടിച്ചേർത്തു.

"കഴിഞ്ഞ കുറച്ച് മാസങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതായിരുന്നു. ഞങ്ങൾക്ക് (കുടുംബത്തിന്) അപമാനകരമായ നിരവധി സന്ദേശങ്ങൾ ലഭിച്ചു. എന്നാൽ അതൊക്കെ നേരിട്ട് ഇന്ന് ഇവിടെയെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു".

" അവർ (ക്ലബ്ബിലെ ആളുകൾ) സത്യമല്ലാത്ത പല‌കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. എന്നാൽ ബാഴ്സലോണയോടുള്ള ബഹുമാനം കാരണം ഞങ്ങൾക്ക് വായടക്കേണ്ടി വന്നു. അവർ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ ന്യായമല്ല."

"ആരാധകരുടെ പിന്തുണയോടെ ഞാൻ ബാഴ്സലോണയിൽ മെച്ചപ്പെട്ടു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി എങ്ങനെ പെരുമാറണമെന്ന് അവർക്ക് അറിയില്ല. എന്നാൽ ഈ കുറച്ച് ആളുകളുടെ അടിസ്ഥാനത്തിൽ ക്ലബ്ബിന്റെ മുഴുവൻ ആരാധക വൃന്ദത്തേയും ഞാൻ വിധിയെഴുതില്ല.'' മൊറീബ പറഞ്ഞു നിർത്തി.

അതേ സമയം 2010 ൽ ബാഴ്സലോണയുടെ അക്കാദമിയിലെത്തിയ മൊറീബ നീണ്ട 11 വർഷങ്ങൾ ക്ലബ്ബിൽ ചിലവഴിച്ചതിന് ശേഷമാണ് ഇക്കുറി ലെപ്സിഗിലേക്ക് ചേക്കേറിയിരിക്കുന്നത്. 16 മില്ല്യൺ യൂറോക്ക് സ്വന്തമാക്കിയ താരവുമായി അഞ്ച് വർഷത്തെ കരാറാണ്‌ ജെർമ്മൻ ക്ലബ്ബ് ഇപ്പോൾ ഒപ്പു വെച്ചിരിക്കുന്നത്.

facebooktwitterreddit