Football in Malayalam

സാവിക്ക് കൂടുതൽ തലവേദന സമ്മാനിച്ച് രണ്ടു താരങ്ങൾക്കു കൂടി പരിക്ക്, എൽ ക്ലാസിക്കോ മത്സരം നഷ്‌ടമായേക്കും

Sreejith N
Real Valladolid v FC Barcelona - La Liga Santander
Real Valladolid v FC Barcelona - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

ബാഴ്‌സലോണ പരിശീലകനായ സാവിക്ക് ടീം സെലെക്ഷനിൽ കൂടുതൽ തലവേദന സമ്മാനിച്ച് ടീമിലെ രണ്ടു താരങ്ങൾ കൂടി പരിക്കിന്റെ പിടിയിൽ. ലിനാരെസിനെതിരെ നടന്ന കോപ്പ ഡെൽ റേ മത്സരത്തിനിടെയാണ് ടീമിലെ പ്രധാന പ്രതിരോധ താരമായ റൊണാൾഡ്‌ അറഹോ, മധ്യനിര താരം ഫ്രാങ്കീ ഡി ജോംഗ് എന്നിവർക്കു പരിക്കേറ്റത്. ഇതിൽ അറഹോക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്ന കാര്യം ബാഴ്‌സലോണ സ്ഥിരീകരിച്ചു.

ഫസ്റ്റ് ടീം കളിക്കാരനായ റൊണാൾഡ്‌ അറഹോക്ക് വലതു കൈത്തണ്ടക്കു മുകളിലെ രണ്ടിടങ്ങളിൽ പൊട്ടലുണ്ടെന്നും താരം വെള്ളിയാഴ്‌ച ശസ്ത്രക്രിയക്ക് വിധേയനാകുമെന്നുമാണ് ബാഴ്‌സലോണ സ്ഥിരീകരിച്ചത്. ശസ്ത്രക്രിയ പൂർത്തിയായതിനു ശേഷം താരത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മറ്റൊരു പ്രസ്‌താവന കൂടി ഇറക്കുമെന്നും ക്ലബ് വ്യക്തമാക്കി.

അറഹോക്ക് ഈ മാസം നടക്കാനിരിക്കുന്ന ബാഴ്‌സലോണയുടെ എല്ലാ മത്സരങ്ങളും നഷ്‌ടമായേക്കും എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങിനെയാണെങ്കിൽ പതിമൂന്നിന് റയൽ മാഡ്രിഡിനെതിരെ നടക്കുന്ന എൽ ക്ലാസിക്കോ മത്സരം താരത്തിന് നഷ്‌ടമാകും. സ്‌പാനിഷ്‌ സൂപ്പർകപ്പ് സെമി ഫൈനലിലാണ് ഈ മാസം ബാഴ്‌സലോണ-റയൽ മാഡ്രിഡ് പോരാട്ടം വരുന്നത്.

ലിനാരെസിനെതിരായ മത്സരത്തിൽ മസിലിനാണ് ഫ്രാങ്കീ ഡി ജോംഗിനു പരിക്കേറ്റത്. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ താരം മത്സരം പരിക്കേറ്റതു മൂലം മത്സരം പൂർത്തിയാക്കിയില്ല. ഡച്ച് താരത്തിന്റെ പരിക്ക് അറഹോയുടെ അത്രത്തോളം ഗുരുതരമല്ലെങ്കിലും ഗ്രനഡക്കെതിരെ നടക്കുന്ന മത്സരം ഡി ജോങിന് നഷ്‌ടമാകും.

അതേസമയം കോവിഡ് ബാധയേറ്റിരുന്ന മൂന്നു താരങ്ങൾ അസുഖം മാറി തിരിച്ചെത്തിയത് സാവിക്ക് ആശ്വാസമാണ്. മധ്യനിര താരം പെഡ്രി, മുന്നേറ്റനിര താരങ്ങളായ അൻസു ഫാറ്റി, മെംഫിസ് ഡീപേയ് എന്നിവരാണ് ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. അതേസമയം പുതിയ സൈനിങായ ഫെറൻ ടോറസിനെ ഇതുവരെയും രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit