Football in Malayalam

"എന്റെ മക്കൾ മരിക്കണമെന്നു വരെ പറഞ്ഞു"- പോളണ്ടിനെതിരായ മത്സരത്തിനു ശേഷമുണ്ടായ ഭീഷണികളെക്കുറിച്ച് മൊറാട്ട

Sreejith N
Spain v Poland - UEFA Euro 2020: Group E
Spain v Poland - UEFA Euro 2020: Group E / Marcelo Del Pozo - Pool/Getty Images
facebooktwitterreddit

യൂറോ കപ്പിൽ പോളണ്ടിനെതിരെയുണ്ടായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഗോൾ നേടാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തിയ തനിക്കെതിരെ ഉയർന്ന കടുത്ത ഭീഷണികളെക്കുറിച്ച് സ്പെയിൻ സ്‌ട്രൈക്കർ അൽവാരോ മൊറാട്ട. മത്സരത്തിൽ ജെറാർഡ് മൊറേനോയെടുത്ത പെനാൽറ്റി പോസ്റ്റിലടിച്ചു തെറിച്ചതിന്റെ റീബൗണ്ട് അനായാസം വലയിലാക്കാൻ അവസരമുണ്ടായിട്ടും മൊറാട്ട അതു പുറത്തേക്കാണ് അടിച്ചു കളഞ്ഞത്.

ആ മത്സരത്തിലും വിജയം കൈവിട്ടതോടെ തുടർച്ചയായ രണ്ടു സമനിലയുമായി യൂറോ കപ്പിൽ നിന്നും പുറത്താവൽ ഭീഷയിലായിരുന്നു സ്പെയിൻ. എന്നാൽ അവസാന മത്സരം ആധികാരികമായി വിജയിച്ച് നോക്ക്ഔട്ടുറപ്പിക്കാൻ സ്പെയിന് കഴിഞ്ഞു. അതേസമയം പോളണ്ടിനെതിരായ വിജയത്തിന് ശേഷം താൻ കടന്നു പോയത് വളരെ വിഷമകരമായ അവസ്ഥയിലൂടെയാണെന്നാണ് കദന കോപ്പിനോട് മൊറാട്ട പറഞ്ഞത്.

"പോളണ്ടിനെതിരായ മത്സരത്തിന് ശേഷം ഒൻപതു മണിക്കൂറോളം ഞാൻ ഉറങ്ങിയിട്ടില്ല. ഭീഷണികളും, കുടുംബത്തിനെതിരായ അധിക്ഷേപവും ഞാൻ നേരിട്ടു, എന്റെ മക്കൾ മരിക്കാൻ ആഗ്രഹിക്കുന്നു എന്നടക്കം അവർ പറഞ്ഞു. എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല. ഏതാനും വർഷങ്ങൾക്കു മുൻപായിരുന്നെങ്കിൽ ഞാൻ തകർന്നു പോയേനെ, എല്ലാ കാര്യങ്ങളിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കാനും ശ്രമിക്കുമായിരുന്നു."

തനിക്കു നേരെയുണ്ടാകുന്ന വിമർശനങ്ങളെ അംഗീകരിക്കുന്നുണ്ടെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ പലരും അതിരു വിടുന്നുണ്ടെന്നു മൊറാട്ട വ്യക്തമാക്കുന്നു. അധിക്ഷേപിക്കുന്നവർ തന്റെ സ്ഥാനത്തു നിന്നുകൂടി ചിന്തിക്കണമെന്നു പറഞ്ഞ താരം ഒന്നുകിൽ വായ്‌മൂടിയിരിക്കുക അതല്ലെങ്കിൽ വിശദീകരണം നൽകുക എന്നീ രണ്ടു വഴികൾ മാത്രമാണ് തനിക്കു മുന്നിലുള്ളതെന്നും വ്യക്തമാക്കി.

പോളണ്ട്, സ്വീഡൻ എന്നിവർക്കെതിരായ മത്സരത്തിലെ സമനിലക്കു ശേഷം സ്ലോവാക്യയെ അഞ്ചു ഗോളുകൾക്കു തകർത്ത സ്പെയിൻ പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയെയാണ് നേരിടാനൊരുങ്ങുന്നത്. മോഡ്രിച്, ബ്രോസോവിച്, കോവാസിച്ച് എന്നീ മികച്ച താരങ്ങളുള്ള ക്രൊയേഷ്യക്കെതിരായ മത്സരം വളരെ കായികപരമായ ഒന്നായിരിക്കുമെന്നും മൊറാട്ട പറഞ്ഞു.

facebooktwitterreddit