Football in Malayalam

വിമർശകരുടെ വായടപ്പിച്ച് മൊറാട്ട യൂറോയിലെ സ്‌പാനിഷ്‌ റെക്കോർഡിനൊപ്പം, ആസ്പ്ലികുയറ്റക്കും നേട്ടം

Sreejith N
Croatia v Spain - UEFA Euro 2020: Round of 16
Croatia v Spain - UEFA Euro 2020: Round of 16 / Stuart Franklin/Getty Images
facebooktwitterreddit

ഇത്തവണത്തെ യൂറോ കപ്പിൽ നിരവധി സുവർണാവസരങ്ങൾ തുലച്ചതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ അൽവാരോ മൊറാട്ടക്ക് ഇന്നലെ നേടിയ അതിനിർണായക ഗോളോടെ വിമർശകരുടെ വായടപ്പിക്കാൻ കഴിഞ്ഞിരുന്നു. മത്സരത്തിന്റെ തൊണ്ണൂറു മിനുട്ട് പൂർത്തിയായപ്പോൾ ഇരുടീമുകളും മൂന്നു ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതിനു ശേഷം മൊറാട്ടയാണ് എക്‌സ്ട്രാ ടൈമിൽ സ്‌പെയിനെ മുന്നിലെത്തിച്ച ഗോൾ നേടുന്നത്.

ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സ്പെയിൻ മുന്നിട്ടു നിന്ന മത്സരത്തിൽ ക്രൊയേഷ്യ അവിശ്വസനീയമായ രീതിയിൽ തിരിച്ചു വരവു നടത്തി ആത്മവിശ്വാസത്തോടെ സ്‌പാനിഷ്‌ ടീമിനു മേൽ ആധിപത്യം പുലർത്തുന്ന സമയത്താണ് മൊറാട്ടയുടെ ഗോൾ വരുന്നത്. അതോടെ മനോവീര്യം നഷ്ടമായ ക്രൊയേഷ്യക്കെതിരെ ഒരു ഗോൾ കൂടി നേടിയാണ് സ്പെയിൻ മത്സരം സ്വന്തമാക്കി ക്വാർട്ടറിലേക്ക് മുന്നേറിയത്.

തന്റെ വിമർശകരുടെ വായടപ്പിച്ചു നേടിയ ഗോളിലൂടെ മൊറാട്ട യൂറോ കപ്പിലെ സ്‌പാനിഷ്‌ റെക്കോർഡിനൊപ്പം എത്തുകയും ചെയ്‌തു. നിലവിൽ അഞ്ചു ഗോളുകൾ യൂറോ കപ്പ് ടൂർണമെന്റുകളിൽ സ്വന്തമാക്കിയ താരം ഈ നേട്ടത്തിൽ സ്‌പാനിഷ്‌ ഇതിഹാസം ഫെർണാണ്ടോ ടോറസിനൊപ്പമെത്തി. അടുത്ത മത്സരത്തിൽ ഒരു ഗോൾ കൂടി നേടിയാൽ ഈ റെക്കോർഡ് തകർക്കാൻ താരത്തിന് കഴിയും.

യൂറോ കപ്പിൽ നിരവധി അവസരങ്ങൾ തുലച്ചു കളഞ്ഞ മൊറാട്ട തനിക്കും കുട്ടികൾ അടക്കമുള്ള തന്റെ കുടുംബാംഗങ്ങൾക്കും നേരെ ഉയരുന്ന ഭീഷണിയെക്കുറിച്ചും അധിക്ഷേപത്തെക്കുറിച്ചും വെളിപ്പെടുത്തി ദിവസങ്ങൾ മാത്രം പിന്നിട്ടിരിക്കെയാണ് സ്പെയിന് വേണ്ടി ഏറ്റവും നിർണായകമായ ഗോൾ നേടുന്നത്. ഈ ഗോൾ വരും മത്സരങ്ങളിൽ താരത്തിന്റെ ആത്മവിശ്വാസം ഉയർത്തുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.

ക്രൊയേഷ്യക്കെതിരെ സ്പെയിന് വേണ്ടി മറ്റൊരു ഗോൾ നേടിയ താരമായ ആസ്പ്ലികുയറ്റയും മത്സരത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി. ദേശീയ ടീമിനു വേണ്ടിയുള്ള ഇരുപത്തിയേഴാം മത്സരത്തിൽ ആദ്യഗോൾ നേടിയ താരം യൂറോ കപ്പിൽ സ്പെയിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന (31 വർഷം 304 ദിവസം) നേട്ടമാണ് സ്വന്തമാക്കിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit