FC Barcelona News

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതിലൂടെ ബാഴ്‌സലോണയെ കാത്തിരിക്കുന്നത് വലിയ തുക

Sreejith N
Money Barcelona Make Through Champions League Qualification
Money Barcelona Make Through Champions League Qualification / Quality Sport Images/GettyImages
facebooktwitterreddit

റയൽ ബെറ്റിസിനെതിരെ നടന്ന ലാ ലിഗ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ജോർദി ആൽബ വോളിയിലൂടെ നേടിയ ഗോളിൽ വിജയം നേടിയതോടെ ബാഴ്‌സലോണ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത കൂടിയാണ് ഉറപ്പിച്ചത്. സീസണിൽ ഒരു ഘട്ടത്തിൽ ലാ ലീഗയിൽ ഒൻപതാം സ്ഥാനത്തു നിന്നിരുന്ന ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് കുതിച്ചെത്തിയതോടെ കൂടുതൽ വരുമാനം കൂടിയാണ് നേടാൻ പോകുന്നത്.

റൊണാൾഡ്‌ കൂമാനെ പുറത്താകുമ്പോൾ ലീഗിൽ ഒൻപതാം സ്ഥാനത്തു നിന്നിരുന്ന ബാഴ്‌സലോണ സാവി പരിശീലകനായി എത്തിയതിനു ശേഷം വലിയ കുതിപ്പാണ് പ്രകടമാക്കിയത്. സാവി പരിശീലകനായി എത്തിയതിനു ശേഷമുള്ള കാലഘട്ടത്തിൽ റയൽ മാഡ്രിഡ് നേടിയത്രയും പോയിന്റ് നേടിയ ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളുകൾക്ക് അവരെ സാന്റിയാഗോ ബെർണാബുവിൽ കീഴടക്കുകയും ചെയ്‌തിരുന്നു.

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചതോടെ മാത്രം 15.6 മില്യൺ യൂറോയാണ് ബാഴ്‌സലോണയെ തേടിയെത്താൻ പോകുന്നത്. ഇതിനു പുറമെ ചാമ്പ്യൻസ് ലീഗിലെ ഹിസ്റ്റോറിക്കൽ റാങ്കിങ്ങിൽ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് എന്നിവർക്കു പിറകിൽ നിൽക്കുന്നതു വഴിയുള്ള 34.11 മില്യൺ യൂറോയും ചേർത്ത് 49.75 മില്യൺ യൂറോയാണ് ബാഴ്‌സലോണ അടുത്ത സീസണിൽ ഉറപ്പിച്ചത്.

അതേസമയം ചാമ്പ്യൻസ് ലീഗ് യോഗ്യത മാത്രമല്ല, ഈ സീസണിൽ രണ്ടാം സ്ഥാനം നേടുകയെന്നതാണ് ബാഴ്‌സലോണയെ സംബന്ധിച്ച് ഇനിയുള്ള പ്രധാന ലക്‌ഷ്യം. അതുവഴി സ്‌പാനിഷ്‌ സൂപ്പർകപ്പിനു യോഗ്യത നേടിയാൽ എട്ടു മില്യൺ യൂറോയും അത് വിജയിച്ചാൽ 12 മില്യൺ യൂറോയും ബാഴ്‌സലോണക്ക് ലഭിക്കും.

ഇതുകൂടാതെ ടെലിവിഷൻ അവകാശങ്ങൾ അടിസ്ഥാനമാക്കി സ്‌പാനിഷ്‌ ഫുട്ബോൾ ഫെഡറേഷനിൽ നിന്നും ബാഴ്‌സലോണക്ക് പണം ലഭിക്കും. ടെലിവിഷൻ വിപണി എന്ന നിലയിൽ ഓരോ രാജ്യത്തിനും അതിന്റെ മൂല്യം അടിസ്ഥാനമാക്കി തുക അനുവദിക്കുന്ന 'മാർക്കറ്റ് പൂൾ' എന്ന സംവിധാനപ്രകാരം ബാഴ്‌സലോണ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയാൽ ആറു മില്യൺ യൂറോയും അവർക്ക് നേടാൻ കഴിയും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit