യുവന്റസിൽ റൊണാൾഡോക്ക് പകരക്കാരനാവുന്നതിൽ തനിക്ക് യാതൊരു സമ്മർദ്ദവും തോന്നുന്നില്ലെന്ന് മോയിസ് കീൻ

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം യുവന്റസിൽ ഏറ്റെടുക്കുന്നതിൽ തനിക്ക് യാതൊരു സമ്മർദ്ദവും തോന്നുന്നില്ലെന്ന് ഇറ്റാലിയൻ മുന്നേറ്റ താരം മോയിസ് കീൻ. ക്രിസ്റ്റ്യാനോയുടെ വിടവാങ്ങൽ യുവന്റസിൽ സൃഷ്ടിച്ച വിടവ് നികത്താൻ തനിക്ക് കഴിയുമെന്നുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കീൻ യുവന്റസിനായി കളിക്കുന്നത് താൻ എല്ലായ്പ്പോളും ഇഷ്ടപ്പെടുന്ന കാര്യമാണെന്നും കൂട്ടിച്ചേർത്തു.
"റൊണാൾഡോക്ക് പകരക്കാരനായി കളിക്കുന്നതിൽ എനിക്ക് യാതൊരു സമ്മർദ്ദവും തോന്നുന്നില്ല. ഞാൻ ഇവിടെ കളിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് സമ്മർദ്ദമില്ല. യുവന്റസിന്റെ ഷർട്ട് ധരിക്കുമ്പോളുള്ള ഉത്തരവാദിത്വമാണ് എനിക്ക് അനുഭവപ്പെടുന്നത്."
"ഈ ക്ലബ്ബിനായി കളിക്കുന്നത് ഞാൻ എല്ലായ്പ്പോളും ഇഷ്ടപ്പെടുന്നു. അവസരം വന്നപ്പോൾ (യുവന്റസിലേക്ക്) എന്റെ മനസിൽ മറ്റ് സംശയമൊന്നുമുണ്ടായിരുന്നില്ല. ഞാൻ ശരിയായ തിരഞ്ഞെടുപ്പാണ് നടത്തിയത്. യുവന്റസിന് എല്ലായ്പ്പോളും എന്റെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരുന്നു. ടീമിനെ സഹായിക്കാനാണ് ഞാൻ ഇവിടെയുള്ളത്. ഇത് ഞാൻ വളർന്ന ക്ലബ്ബാണ്. എനിക്കിവിടെ ഒരുപാട് നല്ല ഓർമ്മകളുണ്ട്. യുവന്റസിനായി കളിക്കുന്നതിൽ എനിക്ക് വലിയ ഉത്തരവാദിത്വബോധം തോന്നുന്നു. എന്നാൽ അതൊരു ഭാരമല്ല."
'I just want to play, I have no pressure'
— MailOnline Sport (@MailSport) September 16, 2021
Moise Kean insists he doesn't feel the burden to replace Cristiano Ronaldo at Juventushttps://t.co/YEd27UrEhp
"ധാരാളം പരിചയസമ്പത്തുള്ള ഒരു യുവ ടീമാണ് ഞങ്ങൾക്കുള്ളത്. ഞങ്ങൾ മികച്ച തുടക്കമല്ല നേടിയിട്ടുള്ളത്. എന്നാൽ യുവന്റസ് എപ്പോളും ഉയർന്ന കാര്യങ്ങളാണ് ലക്ഷ്യം വെക്കുക. ഞങ്ങൾ മികച്ച ഫലങ്ങൾ നേടുമെന്ന് എനിക്കുറപ്പുണ്ട്." മാധ്യമങ്ങളോട് സംസാരിക്കവെ കീൻ വ്യക്തമാക്കി.
അതേ സമയം യുവന്റസിന്റെ യൂത്ത് ടീമിലൂടെ വളർന്നു വന്ന മോയിസ് കീൻ മുൻപ് അവരുടെ സീനിയർ ടീമിനായും കളിച്ചിരുന്ന താരമാണ്. 2019 ൽ ക്ലബ്ബ് വിട്ട ഈ ഇരുപത്തിയൊന്നുകാരനെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടണിൽ നിന്ന് 2 വർഷ ലോണിൽ യുവന്റസ് ടീമിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.