Football in Malayalam

ഇന്ത്യൻ ക്രിക്കറ്റിലും റൊണാൾഡോ തരംഗം, പോർച്ചുഗീസ് താരത്തിന്റെ ഗോളാഘോഷം അനുകരിച്ച് മൊഹമ്മദ് സിറാജ്

Sreejith N
Siraj celebrates wicket in Cristiano Ronaldo style
Siraj celebrates wicket in Cristiano Ronaldo style / CHRISTIAAN KOTZE/AFP via Getty Images, Matthew Peters/Manchester United via Getty Images
facebooktwitterreddit

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിരവധി പേർ മാതൃകയാക്കാറുണ്ട്. അതിൽ താരത്തിന്റെ സാധാരണ ആരാധകർ മുതൽ കായിക മേഖലയിലും മറ്റു മേഖലയിലുമുള്ള സെലിബ്രിറ്റികളും ഉൾപ്പെടുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് മാച്ചിന്റെ കഴിഞ്ഞ ദിവസം ഇതിനെ സ്ഥിരീകരിക്കുന്ന സംഭവം നടക്കുകയും ചെയ്‌തു.

മത്സരത്തിൽ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തിയത് മൊഹമ്മദ് ഷാമി ആണെങ്കിലും അതിലുപരിയായി ശ്രദ്ധ പിടിച്ചു പറ്റിയത് വാൻ ഡെർ ഡുസന്റെ വിക്കറ്റെടുത്തതിനു ശേഷമുള്ള മൊഹമ്മദ് സിറാജിന്റെ ആഹ്ലാദ പ്രകടനമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടുമ്പോഴുള്ള ആഘോഷത്തിന്റെ അനുകരണമാണ് താരം നടത്തിയത്.

ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോൾ താരമായ റൊണാൾഡോയുടെ ഗോളാഘോഷം അനുകരിച്ചതിനാൽ തന്നെ വളരെ വേഗത്തിലാണ് സിറാജ് സോഷ്യൽ മീഡിയയിൽ വൈറലായത്. പ്രീമിയർ ലീഗ് ഇന്ത്യയുടെ ഒഫിഷ്യൽ പേജ് വിക്കറ്റ് നേട്ടത്തിനു ശേഷമുള്ള ഇന്ത്യൻ താരത്തിന്റെ ആഘോഷത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പുറമെ നിരവധി ആരാധകർ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഇതേപ്പറ്റി ചർച്ച ചെയ്യുന്നുണ്ട്.

യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ റൊണാൾഡോ മുപ്പത്തിയേഴാം വയസിലേക്ക് കടക്കുമ്പോഴും ഏറ്റവും മികച്ച പ്രകടനമാണ് മൈതാനത്തു നടത്തുന്നത്. ഒരിക്കലും കീഴടങ്ങാൻ തയ്യാറാവാത്ത തരത്തിലുള്ള റൊണാൾഡോയുടെ മനോവീര്യം തന്നെയാണ് താരത്തിന് ഇത്രയധികം ആരാധകരെ സൃഷ്ടിച്ചു നൽകുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരമായ വിരാട് കോഹ്‌ലിയും റൊണാൾഡോയോടുള്ള തന്റെ ആരാധന പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit