ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ലിവർപൂളിന് അർഹതയുണ്ടായിരുന്നെന്ന് മോ സലാഹ്

നഷ്ടമായ ചാംപ്യന്‍സ് ലീഗ് കിരീടത്തെയോര്‍ത്ത് സങ്കടം മാറാതെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ്. ഫ്രാന്‍സ് ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തിലാണ് സലാഹ് വീണ്ടും നഷ്ടപ്പെട്ട ചാംപ്യന്‍സ് ലീഗ് കിരീടത്തെ കുറിച്ച് വ്യക്തമാക്കിയത്. ലിവര്‍പൂള്‍ അര്‍ഹിച്ച കിരീടമായിരുന്നു റയല്‍ മാഡ്രിഡ് നേടിയതെന്നായിരുന്നു സലാഹ് വ്യക്തമാക്കിയത്.
"ഞങ്ങള്‍ക്ക് വിജയിക്കാന്‍ അര്‍ഹതയുണ്ടായിരുന്നു. ഞങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളുണ്ടായിരുന്നു. എനിക്ക് രണ്ടോ മൂന്നോ ക്ലിയര്‍ ചാന്‍സ് ലഭിച്ചു. പക്ഷെ തിബോ കോർട്ടുവ അവിശ്വസനീയമായ സേവുകള്‍ നടത്തി. അത് അവന്റെ ജോലിയാണ്. അതിനാണ് റയല്‍ അവനെ സൈന്‍ ചെയ്തിട്ടുള്ളത്. അത് അവന്റെ രാത്രിയായിരുന്നു," സലാഹ് ഫ്രാന്‍സ് ഫുട്‌ബോളിനോട് പറഞ്ഞതായി മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.
ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ലിവര്‍പൂള്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 24 ഷോട്ടുകളായിരുന്നു മത്സരത്തില്‍ ലിവര്‍പൂള്‍ കോർട്ടുവയുടെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതില്‍ ഒന്‍പത് എണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. എന്നാൽ, ഒന്നും ലക്ഷ്യം കണ്ടില്ല.
മറുവശത്ത് റയല്‍ മാഡ്രിഡ് നാലു ഷോട്ട് മാത്രമേ ലിവര്‍പൂളിന്റെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തതുള്ളു. അതില്‍ രണ്ടെണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. അതിൽ ഒരെണ്ണം വിനീഷ്യസ് ജൂനിയർ വലയിലെത്തിച്ചതോടെ എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂളിനെ പരാജയപ്പെടുത്തിയായിരുന്നു റയൽ മാഡ്രിഡ് കിരീടം സ്വന്തമാക്കിയത്.