Football in Malayalam

2021ലെ ബാലൺ ഡി ഓർ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്കു വീണതിൽ പ്രതികരണവുമായി മൊഹമ്മദ് സലാ

Sreejith N
Liverpool FC v FC Porto: Group B - UEFA Champions League
Liverpool FC v FC Porto: Group B - UEFA Champions League / Clive Brunskill/GettyImages
facebooktwitterreddit

2021 ബാലൺ ഡി ഓർ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു പോയെങ്കിലും അടുത്ത വർഷം സ്ഥാനങ്ങൾ മെച്ചപ്പെടുത്താമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ലിവർപൂൾ സൂപ്പർതാരം മൊഹമ്മദ് സലാ. അതേസമയം ഈ വർഷത്തെ ബാലൺ ഡി ഓറിൽ ഏഴാം സ്ഥാനത്തേക്ക് വീണതിനെപ്പറ്റി കൂടുതൽ പ്രതികരിക്കാൻ താരം തയ്യാറായില്ല. എവെർട്ടനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനു ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.

അതിഗംഭീര പ്രകടനം കഴിഞ്ഞ സീസണുകളിൽ കാഴ്‌ച വെച്ചിട്ടും ബാലൺ ഡി ഓർ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്ക് വീണു പോയതിൽ എന്തെങ്കിലും നിരാശയുണ്ടെങ്കിൽ അതു മാറ്റുന്ന പ്രകടനമാണ് സലാ എവർട്ടനെതിരെ നടത്തിയത്. രണ്ടു ഗോളുകൾ താരം നേടിയപ്പോൾ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂൾ മെഴ്‌സിസൈഡ് ഡെർബിയിൽ വിജയിച്ചത്.

മത്സരത്തിനു ശേഷം ബാലൺ ഡി ഓർ വോട്ടെടുപ്പിനെക്കുറിച്ച് ആമസോൺ പ്രൈമിനോട് സംസാരിക്കുമ്പോൾ "അതേക്കുറിച്ച് ഒന്നും പറയാനില്ല" എന്നാണു സലാ പ്രതികരിച്ചത്. അടുത്ത സീസണിൽ കൂടുതൽ സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നു പറഞ്ഞ താരം കോൾമാന്റെ പിഴവിൽ നിന്നും പിറന്നതുൾപ്പെടെയുള്ള തന്റെ ഗോളുകളെപ്പറ്റിയും സംസാരിച്ചു.

"അവർ കായികപരമായി കരുത്തുറ്റ കളി പുറത്തെടുക്കുമെന്നും എല്ലാ പന്തിനു വേണ്ടിയും നൂറു ശതമാനം പുറത്തെടുക്കും എന്നുമാണ് മാനേജർ പറഞ്ഞത്. ഞങ്ങളുടെ സ്വന്തം കളി കളിക്കണമെന്നും അവസരങ്ങൾ സൃഷ്‌ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതാണുണ്ടായതും."

"കോൾമാൻ ഒരു പിഴവു വരുത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, അത് സംഭവിക്കുകയും ചെയ്‌തു. 2-1 ആയിരിക്കുമ്പോൾ മത്സരം കടുപ്പമായിരുന്നു. പക്ഷെ 3-1 ആയപ്പോൾ കൂടുതൽ മികച്ചതായി." സലാ മത്സരത്തിനു ശേഷം പറഞ്ഞു.

മത്സരത്തിലെ ഇരട്ടഗോളുകളോടെ ഈ സീസണിൽ പത്തൊൻപതു മത്സരങ്ങളിൽ നിന്നും 19 ഗോളുകൾ സലാ കുറിച്ചിട്ടുണ്ട്. കൂടുതൽ ഗോളുകൾ നേടാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും സാധ്യമായ എല്ലാ കിരീടങ്ങളും ലിവർപൂളിനോപ്പം നേടുകയാണ് തന്റെ ലക്‌ഷ്യം എന്നും താരം കൂട്ടിച്ചേർത്തു.

facebooktwitterreddit