Transfers

"ഒരിക്കൽ അത് സംഭവിച്ചേക്കും"- ലാ ലിഗയിലേക്ക് ചേക്കാറാനുള്ള സാധ്യതയുണ്ടെന്ന് മൊഹമ്മദ് സലാ

Sreejith N
Liverpool v Fulham - Premier League
Liverpool v Fulham - Premier League / Pool/Getty Images
facebooktwitterreddit

ഭാവിയിൽ സ്പെയിനിലേക്ക് ചേക്കേറാനുള്ള സാധ്യതകളെ തള്ളിക്കളയാൻ കഴിയില്ലെന്ന് ലിവർപൂളിന്റെ സൂപ്പർതാരമായ മൊഹമ്മദ് സലാ. റയൽ മാഡ്രിഡ്, ബാഴ്‌സലോണ ക്ലബുകളുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങളുള്ള താരം സ്‌പാനിഷ്‌ മാധ്യമമായ മാർക്കയോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഡിസംബറിലും ലാ ലിഗയിലേക്ക് ചേക്കേറുന്നതിനെ കുറിച്ച് സമാനമായ പ്രതികരണം താരം നടത്തിയിരുന്നു.

ഈ സീസണിൽ ലിവർപൂൾ മോശം പ്രകടനമാണ് പ്രീമിയർ ലീഗിൽ കാഴ്ച വെക്കുന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി പൊരുതുന്ന ലിവർപൂളിന് സ്വന്തമാക്കാൻ സാധ്യതയുള്ള കിരീടം ചാമ്പ്യൻസ് ലീഗ് മാത്രമാണ്. ഇതിനിടയിലാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ടീമിന്റെ ടോപ് സ്കോററായി തുടരുന്ന സലാ ക്ലബ് വിടാനുള്ള സാധ്യതകളെക്കുറിച്ചു മനസു തുറന്നത്.

ലിവർപൂളിലെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് സലായുടെ മറുപടി ഇങ്ങിനെയായിരുന്നു. "അതെന്റെ കയ്യിലുള്ള കാര്യമല്ല. എന്തു സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം, അതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ താൽപര്യമില്ല. ക്ളോപ്പുമായി എനിക്കുള്ള ബന്ധം രണ്ടു പ്രൊഫെഷണൽസിന്റെ ഇടയിലുള്ള സാധാരണ ബന്ധമായാണ് ഞാൻ കണക്കാക്കുന്നത്."

സ്‌പാനിഷ്‌ ഫുട്ബോളിൽ കളിക്കുന്നതിനെ കുറിച്ചും സലാ പറഞ്ഞു. "ഇനിയും ഒരുപാട് വർഷങ്ങൾ കളിക്കളത്തിൽ തുടരാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. ഒരു ദിവസം ഞാൻ സ്പെയിനിൽ കളിച്ചേക്കാം." സലാ വ്യക്തമാക്കി.

റയൽ പരിശീലകനായ സിദാനെ സലാ പ്രശംസിക്കുകയും ചെയ്‌തു. മൂന്നു ചാമ്പ്യൻസ് ലീഗുകൾ തുടർച്ചയായി നേടിയ അദ്ദേഹത്തിനു തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിഞ്ഞുവെന്നും ടീമിനെ സഹായിക്കാൻ വീണ്ടും തിരിച്ചെത്തിയെന്നും സലാ പറഞ്ഞു. ചെറുപ്പത്തിൽ തന്റെ ആരാധനാപാത്രമായിരുന്നു സിദാനെന്നും സലാ വ്യക്തമാക്കി.

facebooktwitterreddit