Football in Malayalam

ഹൃദയം കവർന്ന് സലാ, ഈജിപ്‌തിന്റെ വിജയം ആഘോഷിക്കുന്നതിനു പകരം എതിരാളികളെ ആശ്വസിപ്പിച്ച് ലിവർപൂൾ താരം

Sreejith N
Ivory Coast v Egypt - Round of 16: African Cup of Nations 2021
Ivory Coast v Egypt - Round of 16: African Cup of Nations 2021 / Visionhaus/GettyImages
facebooktwitterreddit

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഒരിക്കൽ കൂടി ഈജിപ്തിനെ സലാ മുന്നിൽ നിന്നു നയിച്ചപ്പോൾ കരുത്തരായ മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് അവർ സെമി ഫൈനലിലേക്ക് മുന്നേറിയത്. ബൗഫലിലൂടെ മൊറോക്കോ മുന്നിലെത്തിയ മത്സരത്തിന്റെ രണ്ടാം പകുതിയിലും എക്‌സ്ട്രാ ടൈമിലുമായി ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയാണ് സലാ ടീമിനെ വിജയത്തിലെത്തിച്ചത്.

ബൗഫലിന്റെ ഗോളിൽ മുന്നിലെത്തിയ മൊറോക്കോ മത്സരത്തിൽ വിജയം നേടുമെന്നു പ്രതീക്ഷിക്കെ അൻപത്തിമൂന്നാം മിനുട്ടിൽ ടീമിനു വേണ്ടി സമനില ഗോൾ നേടിയ സലാ അധികസമയത്തേക്കു നീണ്ട മത്സരത്തിൽ ട്രെസഗെ നേടിയ വിജയഗോളിന് മികച്ചൊരു അസിസ്റ്റ് നൽകുകയും ചെയ്‌തു. എന്നാൽ അതിലുപരിയായി മത്സരത്തിന്റെ വിജയാഹ്ലാദത്തിനിടയിലും എതിർടീം താരങ്ങളെ ആശ്വസിപ്പിക്കുന്ന സലായുടെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

രണ്ടു മത്സരം മാത്രമകലെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടം എന്ന യാഥാർഥ്യത്തിൽ ഈജിപ്ഷ്യൻ താരങ്ങൾ ആഘോഷവും സന്തോഷപ്രകടനങ്ങളും നടത്തുമ്പോൾ മത്സരം തോറ്റതിന്റെ നിരാശയിൽ നിൽക്കുന്ന മൊറോക്കൻ താരങ്ങളെ ആശ്വസിപ്പിക്കുന്നതിനാണ് സലാ സമയം കണ്ടെത്തിയത്. അതിൽ തന്നെ പിഎസ്‌ജി താരം അഷ്‌റഫ് ഹക്കിമിയെ താരം ആശ്വസിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുന്നുണ്ട്.

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ മൊറോക്കോ നടത്തിയ കുതിപ്പിനു പിന്നിൽ പ്രവർത്തിച്ച പ്രധാന താരമായിരുന്നു അഷ്‌റഫ് ഹക്കിമി. രണ്ടു ഫ്രീ കിക്ക് ഗോളുകളാണ് താരം ടൂർണമെന്റിൽ നേടിയത്. ടൂർണമെന്റിൽ കിരീടം നേടാൻ സാധ്യതയുള്ള ഒരു ടീമെന്ന നിലയിൽ നിന്നും ക്വാർട്ടറിൽ പുറത്താകേണ്ടി വന്ന അവരുടെ വേദനയെ മനസിലാക്കി ആശ്വസിപ്പിച്ച സലായുടെ പ്രവൃത്തി ഫുട്ബോൾ ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങുകയാണ്.

facebooktwitterreddit