Football in Malayalam

ബാഴ്‌സലോണ ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിൽ സന്തോഷം പ്രകടിപ്പിച്ച് സലാ, ഭാവിയിൽ എന്തു സംഭവിക്കുമെന്നു കണ്ടറിയാമെന്നും താരം

Sreejith N
Everton v Liverpool - Premier League
Everton v Liverpool - Premier League / Alex Livesey/GettyImages
facebooktwitterreddit

തന്നെ സ്വന്തമാക്കാൻ ബാഴ്‌സലോണ താൽപര്യപ്പെടുന്നുണ്ടെന്ന അഭ്യൂഹങ്ങളിൽ സന്തോഷം പ്രകടിപ്പിച്ച് ലിവർപൂൾ സൂപ്പർതാരം മൊഹമ്മദ് സലാ. എന്നാൽ നിലവിൽ താൻ ലിവർപൂളിലും പ്രീമിയർ ലീഗിലും സംതൃപ്‌തനാണെന്നും ഭാവിയിൽ എന്താണ് സംഭവിക്കുകയെന്നത് കണ്ടറിയേണ്ട കാര്യമാണെന്നും താരം പറഞ്ഞു.

സ്പെയിനിൽ നിന്നും ഇപ്പോൾ പുറത്തു വരുന്നത് പുതിയ പരിശീലകനായ സാവിക്ക് ഇരുപത്തിയൊൻപതു വയസുള്ള ഈജിപ്ഷ്യൻ താരത്തെ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന റിപ്പോർട്ടുകളാണ്. അതേസമയം 2023ൽ ലിവർപൂളുമായുള്ള കരാർ അവസാനിക്കുന്ന താരം അതു പുതുക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടത്തിക്കൊണ്ടിരിക്കയാണ്.

"സാവിക്ക് എന്നെ സ്വന്തമാക്കാനുള്ള താൽപര്യത്തെക്കുറിച്ച് പറയുന്ന റിപ്പോർട്ടുകൾ ഞാൻ വായിച്ചിരുന്നു. ബാഴ്‌സലോണ പോലെയൊരു ടീമിന് എന്നിൽ താൽപര്യമുണ്ടെന്നത് എനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്."

"പക്ഷെ ഞാൻ ലിവർപൂളിൽ സന്തുഷ്ടനാണ്, എന്താണ് ഭാവിയിൽ സംഭവിക്കുകയെന്നു നമുക്ക് കണ്ടറിയാം. നിലവിൽ ഞാൻ പ്രീമിയർ ലീഗിൽ തുടരുന്നതിനാണ് പ്രാധാന്യം നൽകുന്നത്, ഇത് ലോകത്തിലെ ഏറ്റവും കരുത്തുറ്റ ലീഗാണ്." എംബിസിക്ക് നൽകിയ അഭിമുഖത്തിൽ സലാ പറഞ്ഞു.

ലിവർപൂളിൽ തുടരുകയെന്നതാണ് തന്റെ പരിഗണനയിൽ ഉള്ള കാര്യമെങ്കിലും അതിൽ അവസാന തീരുമാനം ക്ലബ് മാനേജ്‌മെന്റാണ് എടുക്കേണ്ടതെന്നും സലാ കൂട്ടിച്ചേർത്തു. അതിലൂടെ കരാർ പുതുക്കാനുള്ള തന്റെ നിബന്ധനകൾ ലിവർപൂൾ നേതൃത്വം അംഗീകരിക്കണം എന്നു തന്നെയാണ് ഈജിപ്ഷ്യൻ സൂപ്പർതാരം വ്യക്തമാക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit