ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെ നേരിടാനാണ് ആഗ്രഹമെന്ന് മോ സലാ

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെ നേരിടാനാണ് ആഗ്രഹമെന്ന് ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലാ. സെമി ഫൈനലിൽ വിയ്യാറയലിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറിയതിന് ശേഷം സംസാരിക്കുകയായിരുന്നു ഈജിപ്ഷ്യൻ താരം.
വിയ്യാറയലിനെതിരെ ആദ്യ പാദത്തിൽ 2-0ത്തിന്റെ വിജയം കരസ്ഥമാക്കിയ ലിവർപൂൾ, രണ്ടാം പാദത്തിൽ 3-2ന് സ്പാനിഷ് എതിരാളികളെ മറികടന്നാണ് ഫൈനലിലെ തങ്ങളുടെ സ്ഥാനം ഉറപ്പ് വരുത്തിയത്.
റയൽ മാഡ്രിഡ്-മാഞ്ചസ്റ്റർ സിറ്റി സെമി ഫൈനലിലെ എതിരാളികളെയാണ് കലാശപ്പോരിൽ സലായും സംഘവും നേരിടുക.
ഫൈനലിൽ ആരെയാണ് എതിരാളികളായി വേണ്ടതെന്ന് ചോദിച്ചപ്പോൾ റയൽ മാഡ്രിഡിനെ വേണമെന്നാണ് സലാ ബിടി സ്പോർട്ടിനോട് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ: "അതെ, എനിക്ക് മാഡ്രിഡിനെ നേരിടണം. ഞാൻ സത്യസന്ധനായിരിക്കണം. സിറ്റി വളരെ കഠിനമായ ടീമാണ്, ഈ സീസണിൽ ഞങ്ങൾ അവർക്കെതിരെ കുറച്ച് തവണ കളിച്ചിട്ടുണ്ട്. എന്നാൽ നിങ്ങൾ എന്നോട് വ്യക്തിപരമായി ചോദിച്ചാൽ, എനിക്ക് (ഫൈനലിൽ എതിരാളികളായി) റയൽ മാഡ്രിഡിനെയാണ് ഇഷ്ടം."
"ഞങ്ങൾ അവർക്കെതിരെ ഫൈനലിൽ തോറ്റതിനാൽ അവർക്കെതിരെ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു - ഞങ്ങൾ അതിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു," 2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോറ്റതിന് പകരം വീട്ടാനാണോ റയലിനെ നേരിടാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് സലാ പറഞ്ഞു.
അതേ സമയം, ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് 4-3ന് പരാജയപ്പെട്ട റയൽ മാഡ്രിഡിന് ഫൈനലിലേക്ക് മുന്നേറണമെങ്കിൽ രണ്ടാം പാദത്തിൽ വിജയം അനിവാര്യമാണ്.