Football in Malayalam

ആഫ്‌കോൺ ഫൈനലിനിടെ സലായുടെ വായടപ്പിച്ച് റഫറി, വിസിലും കാർഡുകളും നീട്ടി പരിഹാസം

Sreejith N
CHARLY TRIBALLEAU/GettyImages
facebooktwitterreddit

ഈ സീസണിൽ മിന്നുന്ന ഫോമിൽ ലിവർപൂളിനു വേണ്ടി കളിച്ചു കൊണ്ടിരുന്ന മൊഹമ്മദ് സലാ ഈജിപ്‌തിനെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ ഫൈനലിൽ എത്തിക്കാൻ പ്രധാന പങ്കു വഹിച്ചെങ്കിലും താരത്തെ സംബന്ധിച്ച് നല്ല ദിവസമായിരുന്നില്ല ഇന്നലെ. ലിവർപൂളിൽ തനിക്കൊപ്പം കളിക്കുന്ന സാഡിയോ മാനെയടക്കമുള്ള താരങ്ങൾ അണിനിരന്ന സെനഗലിനോട് ഷൂട്ടൗട്ടിൽ തോറ്റ് ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടം കൈവിടുകയായിരുന്നു ഈജിപ്‌ത്‌.

ഫൈനലിലെ തോൽവിക്കു പുറമെ മത്സരം നിയന്ത്രിച്ച റഫറിയുടെ പരിഹാസവും സലാക്ക് നേരിടേണ്ടി വന്നിരുന്നു. സെനഗലിനു മുൻതൂക്കമുണ്ടായിരുന്ന മത്സരത്തിൽ നിരന്തരം പരാതികൾ ഉന്നയിച്ചു കൊണ്ടിരുന്നതിനെ തുടർന്ന് റഫറിയായ വിക്റ്റർ ഗോമസാണ്‌ യാതൊരു ദയയും കൂടാതെ ലിവർപൂൾ താരത്തെ പരിഹസിച്ചത്. ആദ്യപകുതിൽ സെനഗലിന് അനുകൂലമായി അനുവദിച്ചപ്പോൾ പരാതിപ്പെട്ടതിനെ തുടർന്നാണ് ഗോമസ് സലായെ ട്രോളിയത്.

പരാതിയുമായി സലാ അടുത്തെത്തി അതേക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കെ താരത്തോട് ശാന്തനാവാൻ റഫറി ഒരുപാട് തവണ ആവശ്യപ്പെട്ടു. റഫറി അവിടെ നിന്നും മാറിയിട്ടും അദ്ദേഹത്തെ പിന്തുടർന്ന സലാ വീണ്ടും തന്റെ പരാതി പറഞ്ഞു കൊണ്ടിരിക്കെ എന്നാൽ മത്സരം നിങ്ങൾ തന്നെ നന്നായി നിയന്ത്രിച്ചോളൂ എന്ന മട്ടിൽ തന്റെ കയ്യിലുണ്ടായിരുന്ന കാർഡുകളും വിസിലും സലാക്കു നേരെ നീട്ടിയാണ് റഫറി വിക്റ്റർ ഗോമസ് താരത്തിന്റെ വായടപ്പിച്ചത്.

അതിനു ശേഷം മത്സരത്തിലെ ഷൂട്ടൗട്ടും സലാക്ക് വളരെ നിരാശ സമ്മാനിച്ച ഒന്നായിരുന്നു. ഷൂട്ടൗട്ടിലെ അഞ്ചാമത്തേയും ഏറ്റവും അവസാനത്തെയും കിക്ക് എടുക്കാനാണ് പരിശീലകൻ സലായോട് നിർദ്ദേശിച്ചതെങ്കിലും താരത്തിന് അതെടുക്കാനുള്ള അവസരം ലഭിച്ചില്ല. ഈജിപ്‌ത്‌ രണ്ടു പെനാൽറ്റികൾ പാഴാക്കിയതിനെ തുടർന്ന് സലാക്കു പെനാൽറ്റി എടുക്കാനുള്ള അവസരം ലഭിക്കുന്നതിനു മുൻപേ തന്നെ മത്സരം സെനഗൽ വിജയിച്ചിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit