Football in Malayalam

"ഇതുപോലെ കളിച്ചാൽ ക്രൊയേഷ്യ എല്ലാവർക്കും ഭീഷണി"- സ്പെയിനിനു മോഡ്രിച്ചിന്റെ മുന്നറിയിപ്പ്

Sreejith N
Croatia v Scotland - UEFA Euro 2020: Group D
Croatia v Scotland - UEFA Euro 2020: Group D / Pixsell/MB Media/Getty Images
facebooktwitterreddit

യൂറോ കപ്പിന്റെ പ്രീ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ ക്രൊയേഷ്യക്ക് ഏതു ടീമിനെയും തോൽപ്പിക്കാനുള്ള കരുത്തുണ്ടെന്ന് ടീമിന്റെ നായകനായ ലൂക്ക മോഡ്രിച്ച്. നോക്ക്ഔട്ട് മത്സരത്തിൽ സ്പെയിനിനെ നേരിടാനിരിക്കെയാണ് മോഡ്രിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജൂൺ 28നു രാത്രി 9.30നാണ് സ്പെയിനും ക്രൊയേഷ്യയും തമ്മിലുള്ള പ്രീ ക്വാർട്ടർ പോരാട്ടം നടക്കുക.

യൂറോയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോടു തോറ്റു തുടങ്ങിയ ക്രൊയേഷ്യ അടുത്ത മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കുമായി സമനില വഴങ്ങുകയും ചെയ്‌തതോടെ നോക്ക്ഔട്ട് പ്രതീക്ഷകൾ കുറഞ്ഞിരുന്നു. എന്നാൽ അവസാന മത്സരത്തിൽ സ്കോട്ട്ലാൻഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോല്പിച്ചതോടെ ടീമിന്റെ ആത്മവിശ്വാസം ഉയർന്നിട്ടുണ്ടെന്നാണ് മോഡ്രിച്ചിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

"വിജയം നേടിയതിലും നോക്ക്ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയതിലും എനിക്കു സന്തോഷമുണ്ട്. അവസാന മത്സരത്തിലെ ഗോളും എനിക്ക് വളരെ വലുതാണ്. ആദ്യത്തെ രണ്ടു മത്സരങ്ങളിലും ഞങ്ങൾക്ക് മികച്ച കളി കാഴ്ച്ച വെക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇതുപോലെ കളിച്ചാൽ ക്രൊയേഷ്യ ഏതൊരു ടീമിനും ഭീഷണിയാണ്," മോഡ്രിച്ച് പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ ക്രൊയേഷ്യൻ മധ്യനിരയെ നിയന്ത്രിച്ച മോഡ്രിച്ചിന്റെ പ്രകടനം സ്പെയിനിനു വലിയ വെല്ലുവിളി തന്നെയാണ് സമ്മാനിക്കുക. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ താരം മൂന്നു യൂറോ കപ്പിൽ ഗോൾ നേടുന്ന ആദ്യത്തെ ക്രൊയേഷ്യൻ താരമെന്ന നേട്ടവും ദേശീയ ടീമിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

അതേസമയം ആദ്യത്തെ രണ്ടു മത്സരങ്ങളിലെ മോശം പ്രകടനത്തിനു ശേഷം സ്ലോവാക്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് കീഴടക്കിയ സ്പെയിനും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഗോളിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ സമ്മതിക്കാതെയാണ് സ്ലോവാക്യയെ തോൽപിച്ചതെന്നത് സ്പെയിനിന്റെ കരുത്ത് പ്രകടമാക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit